കഴിഞ്ഞ സീസണിൽ അടിച്ചു കൂട്ടിയത് 36 ഗോളുകൾ, ബെംഗളൂരുവിന്റെ ഗോൾമെഷീൻ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് | Kerala Blasters

അടുത്ത സീസണിലേക്ക് ടീമിനെ അഴിച്ചു പണിയാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന സൈനിങ്‌ നടത്തുന്നതിന്റെ തൊട്ടരികിലാണെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ ഫുട്ബോളിൽ ഉദിച്ചുയർന്നു വരുന്ന പ്രതിഭകളിൽ ഒരാളായ എഫ്‌സി ബെംഗളൂരു യുണൈറ്റഡിന്റെ സ്‌ട്രൈക്കറായ ഇർഫാൻ യധ്വദിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണെന്ന് ദി ബ്രിഡ്‌ജിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇരുപത്തിയൊന്നുകാരനായ ഇർഫാൻ ഗോവ സ്വദേശിയാണ്. സ്പോർട്ടിങ് ക്ലബ് ഡി ഗോവയിൽ കരിയർ ആരംഭിച്ചതിനു ശേഷം പിന്നീട് പാൻജിം ഫുട്‍ബോളേഴ്‌സിലേക്ക് ചേക്കേറിയ താരം അവിടെ നിന്നുമാണ് എഫ്‌സി ബെംഗളൂരു യുണൈറ്റഡിൽ എത്തിയത്. ബെംഗളൂരു ക്ലബിന് വേണ്ടി കഴിഞ്ഞ സീസണിൽ മുപ്പത്തിയാറു ഗോളുകൾ നേടിയതോടെയാണ് താരം ഇന്ത്യയിലെ പ്രധാന ക്ലബുകളുടെ നോട്ടപ്പുള്ളിയാകുന്നത്.

ബിഡിഎഫ്എ സൂപ്പർ ഡിവിഷനിൽ പതിനെട്ടു മത്സരങ്ങളിൽ നിന്നും പതിനഞ്ചു ഗോളുകൾ നേടിയ താരം അതിനു പുറമെ സ്റ്റാഫോർഡ് കപ്പ് വിജയം നേടുന്നതിൽ നിർണായക പങ്കു വഹിച്ചു. എട്ടു ഗോളുകളാണ് താരം സ്വന്തമാക്കിയത്. അതിനു പുറമെ ഐ ലീഗ് സെക്കൻഡ് ഡിവിഷനിലാണ് ഇർഫാൻ ഗോളടി വേട്ട നടത്തിയത്. പതിനൊന്നു മത്സരങ്ങളിൽ പതിമൂന്നു ഗോളുകൾ താരം സ്വന്തമാക്കി.

ഇന്ത്യൻ ഫുട്ബോളിലെ തന്നെ മികച്ച സ്‌ട്രൈക്കറായി മാറാൻ തയ്യാറെടുക്കുന്ന താരമായ ഇർഫാനെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ ശ്രമം നടത്തുന്നുണ്ട്. എന്നാൽ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറാനാണ് കൂടുതൽ സാധ്യതയെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ട്രാൻസ്‌ഫർ നടന്നാൽ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഭാവിയിലേക്ക് ഒരു മുതൽക്കൂട്ടായിരിക്കും ഇരുപത്തിയൊന്നുകാരനായ താരം.

Kerala Blasters Close To Sign Irfan Yadwad