അർജന്റീനയിലെ മെസി വേറെ ലെവലാണ്, അവസാനത്തെ പതിനാലു മത്സരങ്ങളിൽ നിന്നും അടിച്ചു കൂട്ടിയത് ഇരുപത്തിരണ്ടു ഗോളുകൾ | Messi

മുൻപ് ബാഴ്‌സലോണക്കൊപ്പം മികച്ച പ്രകടനം നടത്തി കിരീടങ്ങൾ സ്വന്തമാക്കുകയും അർജന്റീന ദേശീയ ടീമിനു നേട്ടങ്ങൾ സ്വന്തമാക്കി നൽകാൻ പരാജയപ്പെടുകയും ചെയ്‌തിരുന്ന മെസി അതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ദേശീയ ടീമിന് വേണ്ടി തിളങ്ങാൻ കഴിയാത്ത ക്ലബ് പ്രോഡക്റ്റ് മാത്രമാണ് താരമെന്നു പലരും പറയുകയുണ്ടായി. എന്നാൽ അതിനെല്ലാം മെസിയിപ്പോൾ മറുപടി നൽകുകയാണ്.

നിരവധി ഫൈനലുകളിൽ അർജന്റീനയോടൊപ്പം ഇടറി വീണതിന്റെ നിരാശയെ മറികടന്ന് കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ലയണൽ മെസി സാധ്യമായ മൂന്നു കിരീടങ്ങളും ദേശീയ ടീമിനൊപ്പം സ്വന്തമാക്കി. ക്ലബ് തലത്തിൽ നടത്തുന്നതിനേക്കാൾ മികച്ച പ്രകടനം മെസി ഇപ്പോൾ കാഴ്‌ച വെക്കുന്നത് അർജന്റീന ദേശീയ ടീമിനൊപ്പമാണെന്ന കാര്യത്തിലും യാതൊരു സംശയവുമില്ല.

അർജന്റീന ദേശീയ ടീമിനൊപ്പമുള്ള കഴിഞ്ഞ പതിനാലു മത്സരങ്ങളിലെ കണക്കുകൾ എടുത്തു നോക്കിയാൽ ആരാധകർ അമ്പരന്നു പോകുമെന്നുറപ്പാണ്. ഇരുപത്തിരണ്ടു ഗോളുകളാണ് താരം ഇത്രയും മത്സരങ്ങളിൽ നിന്നും അടിച്ചു കൂട്ടിയത്. എസ്റ്റോണിയക്കെതിരെ അഞ്ചു ഗോളുകൾ നേടി തുടങ്ങിയ താരം കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തിലും ഗോൾ കണ്ടെത്തിയിരുന്നു.

ഈ പതിനാലു മത്സരങ്ങളിൽ ഇരുപത്തിരണ്ടു ഗോളുകൾ നേടിയതിനൊപ്പം അഞ്ച് ഗോളുകൾക്ക് വഴിയൊരുക്കാനും മെസിക്ക് കഴിഞ്ഞിട്ടുണ്ട്. മറ്റൊരു പ്രത്യേകത ഈ പതിനാലു മത്സരങ്ങളിൽ ഒരു മത്സരത്തിൽ മാത്രമേ മെസി ഗോൾ നേടാതിരുന്നിട്ടുള്ളൂ. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ പോളണ്ടിനെതിരെയായിരുന്നു അത്. അതിലും ഗോൾ നേടിയാൽ ലോകകപ്പിലെ എല്ലാ മത്സരത്തിലും ഗോളെന്ന നേട്ടം മെസി സ്വന്തമാക്കിയേനെ.

ഈ മാസം മുപ്പത്തിയാറിലേക്ക് കടക്കുന്ന ലയണൽ മെസി തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് അർജന്റീന ടീമിനായി കളിക്കുന്നതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക കിരീടത്തിനായി പൊരുതാനും അതിനു ശേഷം 2026 ലോകകപ്പിൽ പങ്കെടുക്കാനും താരത്തിന് കഴിയട്ടെയെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

Messi Scored 22 Goals In Last 14 Matches With Argentina