ലൂണയുടെ നാട്ടിൽ നിന്നും മറ്റൊരു മിഡ്ഫീൽഫ് ജനറൽ കേരളത്തിലേക്ക്, ട്രാൻസ്ഫർ പ്രഖ്യാപിച്ചു | Gokulam Kerala
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് അഡ്രിയാൻ ലൂണ. കഴിഞ്ഞ മൂന്നു സീസണുകളായി ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനായി തുടരുന്ന ലൂണ ഏറ്റവുമധികം ആരാധകപിന്തുണയുള്ള താരമാണ്. യുറുഗ്വായിൽ നിന്നുമെത്തി കേരള ബ്ലാസ്റ്റേഴ്സിന്റെ മാത്രമല്ല, ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനായി മാറാൻ ലൂണക്ക് കഴിഞ്ഞിട്ടുണ്ട്.
അഡ്രിയാൻ ലൂണയുടെ നാടായ യുറുഗ്വായിൽ നിന്നും മറ്റൊരു താരം കൂടി കേരളത്തിലേക്ക് കളിക്കാനായി എത്തുകയാണ്. കേരളത്തിന്റെ അഭിമാനമായ ഐ ലീഗ് ക്ലബ് ഗോകുലം കേരള അടുത്ത സീസണിലേക്കു ടീമിനെ മെച്ചപ്പെടുത്തുന്നതിന് വേണ്ടി യുറുഗ്വായ് മധ്യനിര താരമായ മാർട്ടിൻ ഷാവേസിനെ സ്വന്തമാക്കിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
Done Deal ✅
We have secured the services of Uruguayan midfielder Martín Cháves for the next two years 💪🏻⚡#GKFC #Malabarians #Newsigning pic.twitter.com/nWEmWTzKnk
— Gokulam Kerala FC (@GokulamKeralaFC) May 2, 2024
ഐ ലീഗിലെ തന്നെ മറ്റൊരു ക്ലബായ ചർച്ചിൽ ബ്രദേഴ്സിൽ നിന്നാണ് മാർട്ടിൻ ഷാവേസിനെ ഗോകുലം കേരള സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ സീസണിൽ ഐ ലീഗിൽ മൂന്നാം സ്ഥാനത്താണ് ഗോകുലം കേരളം ഫിനിഷ് ചെയ്തത്. അടുത്ത സീസണിൽ കൂടുതൽ മികച്ച പ്രകടനം നടത്തുന്നതിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് മാർട്ടിൻ ഷാവേസിനെ ഗോകുലം കേരള എത്തിച്ചിരിക്കുന്നത്.
വെറും ഇരുപത്തിയഞ്ചു വയസ് മാത്രം പ്രായമുള്ള മാർട്ടിൻ ഷാവേസ് കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് ടീമിനായി നടത്തിയത്. മധ്യനിര താരമാണെങ്കിലും കഴിഞ്ഞ സീസണിൽ ഇരുപത്തിരണ്ടു മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളും ആറ് അസിസ്റ്റും സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. കരാർ അവസാനിച്ച താരത്തെ ഫ്രീ ഏജന്റായാണ് ഗോകുലം കേരള സ്വന്തമാക്കിയത്.
ഇന്ത്യയിൽ വളരെയധികം പരിചയസമ്പത്തുള്ള താരമാണ് മാർട്ടിൻ ഷാവേസ്. ഇതിനു മുൻപ് ഐഎസ്എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി ബൂട്ട് കെട്ടിയിട്ടുള്ള താരം അതിനു പുറമെ രാജസ്ഥാൻ യുണൈറ്റഡിലും കളിച്ചതിനു ശേഷമാണ് ചർച്ചിലിൽ എത്തുന്നത്. ഐഎസ്എല്ലിലേക്ക് എത്താനുള്ള തങ്ങളുടെ ശ്രമത്തിന് താരം കരുത്ത് പകരുമെന്നാണ് ഗോകുലം പ്രതീക്ഷിക്കുന്നത്.
Gokulam Kerala Signed Martin Chaves