വമ്പൻ താരനിരയും മികച്ച പരിശീലകനും, അടുത്ത സീസണിൽ ഐഎസ്എൽ ലക്ഷ്യമിട്ട് ഗോകുലം കേരള | Gokulam Kerala

തുടർച്ചയായി രണ്ട് ഐ ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയ ടീമാണ് ഗോകുലം കേരള. 2020-21 സീസണിലും 2021-22 സീസണിലും കിരീടം നേടിയ അവർക്ക് കഴിഞ്ഞ സീസണിൽ പക്ഷെ പഞ്ചാബ് എഫ്‌സിയുടെ കുതിപ്പിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. തുടർച്ചയായി മൂന്നു കിരീടങ്ങളെന്നനേട്ടം കഴിഞ്ഞ സീസണിൽ സ്വന്തമാക്കാൻ അവർക്ക് കഴിഞ്ഞിരുന്നെങ്കിൽ ഈ സീസണിൽ പഞ്ചാബിന് പകരം ഐഎസ്എല്ലിൽ ഗോകുലം കേരള കളിച്ചേനെ. കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്‌തത്‌.

കഴിഞ്ഞ സീസണിൽ നഷ്‌ടമായ കിരീടം ഈ സീസണിൽ സ്വന്തമാക്കാനും ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പ്രൊമോട്ട് ചെയ്യപ്പെടാനും വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഗോകുലം കേരള പൂർത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്‌തമായി നിരവധി വമ്പൻ താരങ്ങളെയാണ് അവർ ടീമിലേക്ക് എത്തിച്ചിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചു പരിചയമുള്ള താരങ്ങൾക്ക് പുറമെ സ്പെയിനിൽ നിന്നും മികച്ചൊരു പരിശീലകനെയും ഗോകുലം കേരള തങ്ങളുടെ തട്ടകത്തിൽ എത്തിച്ചിട്ടുണ്ട്.

ഗോകുലം കേരള ഈ സീസണിൽ ടീമിലെത്തിച്ച താരങ്ങളിൽ പ്രധാനി മുൻ എഫ്‌സി ഗോവ താരമായ എഡു ബെഡിയയാണ്. ഇതിനു പുറമെ ബെംഗളൂരുവിനു വേണ്ടി കളിച്ചിട്ടുള്ള മുൻ ബാഴ്‌സലോണ താരമായ നിലി പെർഡോമോയും ടീമിലുണ്ട്. ഐഎസ്എല്ലിലും ഇന്ത്യൻ ദേശീയ ടീമിലും വേണ്ടി കളിച്ചിട്ടുള്ള അനസ് എടത്തൊടിക്ക. കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും ലോണിൽ സ്വന്തമാക്കിയ ഇമ്മാനുവൽ ജസ്റ്റിൻ, സ്‌പാനിഷ്‌ താരം അലക്‌സ് സാഞ്ചസ്, ടാജിക്കിസ്ഥാൻ ദേശീയ ടീം താരം ടുർസുനോവ് എന്നിവരെല്ലാം ടീമിന് കരുത്തു നൽകുന്നു.

കഴിഞ്ഞ സീസണിൽ പരിശീലകനായിരുന്ന ഫ്രാൻസെസ്‌ക് ബോണറ്റിനെ ഒഴിവാക്കി സ്പെയിനിലെ തന്നെ മറ്റൊരു പരിശീലകനായ ഡൊമിനിങ്ങോ ഒറമാസിനെ മുഖ്യ പരിശീലകനായി ഗോകുലം കേരള നിയമിച്ചിട്ടുണ്ട്. ഇരുപതു വർഷത്തെ കോച്ചിങ് റെക്കോർഡുള്ള ഒറമാസ് 2014ൽ ലാസ് പാൽമാസ് ഫുട്ബോൾ ഫെഡറേഷന്റെ മികച്ച പരിശീലകനുള്ള അവാർഡ് നേടിയിട്ടുണ്ട്. അതിനു പുറമെ 2019ൽ സുഡാമേരിക്കാന കപ്പ് നേടിയ ഇക്വഡോർ ടീമിനെ തയ്യാറാക്കിയതും ഇദ്ദേഹമാണ്.

പരിചയസമ്പന്നരായ മികച്ച താരങ്ങളെയും മികച്ച പരിശീലകനെയും ഒരുമിപ്പിച്ച് പുതിയ സീസണിനായി ഒരുങ്ങുന്ന ഗോകുലം കേരളയുടെ ആദ്യത്തെ മത്സരം ഒക്ടോബർ ഇരുപത്തിയെട്ടിനാണ്. ഐ ലീഗിലെ പുതിയ ക്ലബായ ഇന്റർ കാശിയെ അവർ കോഴിക്കോട് വെച്ച് നടക്കുന്ന മത്സരത്തിൽ നേരിടും. രണ്ടു സീസണിൽ തുടർച്ചയായി നേടി കഴിഞ്ഞ സീസണിൽ നഷ്‌ടമായ കിരീടം നേടി ഐഎസ്എല്ലിലേക്ക് വന്ന് കേരള ഫുട്ബോളിലെ മറ്റൊരു ശക്തിയാകാൻ തന്നെയാണ് ഗോകുലം കേരളയുടെ ലക്‌ഷ്യം.

Gokulam Kerala Target Next Season ISL