ജനുവരി ട്രാൻസ്ഫർ ജാലകത്തിനു ശേഷം വേറെ ലെവൽ ഫോമിലാണ്, ബ്ലാസ്റ്റേഴ്സ് മാതൃകയാക്കേണ്ടത് ഇവരെയാണ് | Gokulam Kerala
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് മോശം ഫോം തുടരുമ്പോൾ മറ്റൊരു പ്രധാനപ്പെട്ട ക്ലബായ ഗോകുലം കേരള മിന്നുന്ന ഫോം തുടരുകയാണ്. ഐഎസ്എൽ രണ്ടാം പകുതി ആരംഭിച്ചതിനു ശേഷം കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയപ്പോൾ തങ്ങളുടെ മോശം ഫോമിനെ മാറ്റിയെടുത്ത് ഐ ലീഗിലെ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ഗോകുലം കേരള വിജയം സ്വന്തമാക്കി.
ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടീമിൽ നടത്തിയ അഴിച്ചുപണിയാണ് ഗോകുലം കേരളയുടെ ഫോമിൽ വലിയ മാറ്റമുണ്ടാക്കിയത്. ടീമിലെ വെറ്ററൻ താരങ്ങളായ എഡു ബേഡിയ, നിലി പെർഡോമോ എന്നിവരെ ഒഴിവാക്കിയ ഗോകുലം കേരള നേതൃത്വം അതിനു പകരം ഐ ലീഗിൽ വളരെയധികം പരിചയസമ്പന്നനായ നിക്കോളോ സ്റ്റോയാനോവിച്ച്, മാറ്റിയ ബാബോവിച്ച് എന്നിവരെ സ്വന്തമാക്കി.
Check out more match pics from yesterday's thrilling victory.🤩#gkfc #malabarians #indianfootbal pic.twitter.com/ZkvaiEHZGS
— Gokulam Kerala FC (@GokulamKeralaFC) February 17, 2024
ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ നടത്തിയ ഈ കൃത്യതയോടെയുള്ള ഇടപെടലാണ് ഗോകുലത്തിന്റെ ഫോമിൽ മാറ്റം വരുത്തിയത്. പുതിയതായി വന്ന രണ്ടു താരങ്ങളും ടീമിനൊപ്പം ഒത്തിണങ്ങി മികച്ച പ്രകടനം നടത്തിയതോടെ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ പത്ത് ഗോളുകൾ നേടിയാണ് ഗോകുലം ഫോം വീണ്ടെടുത്തത്. ഈ മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ എതിരാളികളുടെ മൈതാനത്താണ് ഗോകുലം വിജയിച്ചത്.
ടീമിന്റെ നായകനും പ്രധാന സ്ട്രൈക്കറുമായ അലക്സ് സാഞ്ചസ്, പുതിയതായി ടീമിലെത്തിയസ്റ്റോയാനോവിച്ച്, ബാബോവിച്ച് എന്നിവർക്ക് പുറമെ താജിക്കിസ്ഥാൻ താരമായ കൊമോൻ ടുർസുനോവ് എന്നിവരെല്ലാം മികച്ച ഫോമിലാണുള്ളത്. ശ്രീക്കുട്ടനെ പോലെയുള്ള താരങ്ങളും ടീമിനായി നല്ല പ്രകടനം നടത്തുന്നു. ജസ്റ്റിൻ ഇമ്മാനുവലിനെ ബ്ലാസ്റ്റേഴ്സ് തിരിച്ചു വിളിച്ചിട്ടും ഗോകുലം കേരളയെ അത് ബാധിച്ചിട്ടില്ല.
ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഇതുപോലെ സമർത്ഥമായൊരു ഇടപെടൽ നടത്താൻ കഴിയാതിരുന്നതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടി നൽകിയത്. അതേസമയം നല്ല രീതിയിൽ ഇടപെടൽ നടത്തിയ ടീമുകളെല്ലാം മികച്ച ഫോമിലേക്ക് വരുന്ന കാഴ്ചയും കാണാൻ കഴിയുന്നു. ഒരു ടീമിന്റെ പരിമിതികൾ മനസിലാക്കി അതിനു ചേരുന്ന താരങ്ങളെ എത്തിക്കാൻ കഴിയാതിരുന്നത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി മാറി.
ഗോകുലം കേരള വളരെ കൃത്യതയോടെ ഇക്കാര്യം നടപ്പിലാക്കിയത് അവരുടെ മത്സരങ്ങളിൽ പ്രകടനമാകുന്നു. നിലവിൽ ഐ ലീഗിൽ രണ്ടാം സ്ഥാനത്താണ് ഗോകുലം നിൽക്കുന്നത്. നിലവിൽ പോയിന്റ് ടേബിളിൽ എട്ടു പോയിന്റിന്റെ വ്യത്യാസത്തിൽ മൊഹമ്മദൻസാണ് മുന്നിൽ നിൽക്കുന്നതെങ്കിലും കിരീടം നേടാനുള്ള സാധ്യത ഇപ്പോഴും ഗോകുലം കേരളക്കുണ്ട്.
Gokulam Kerala Won Three Matches In A Row