
ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചതെന്ന് ഗ്വാർഡിയോള, ആഴ്സണലിനു മുന്നോട്ടുള്ള പാത എളുപ്പമാകില്ലെന്നു മുന്നറിയിപ്പുമായി മാഞ്ചസ്റ്റർ സിറ്റി
ഫുട്ബോൾ ആരാധകർ ഉറ്റുനോക്കിയ പോരാട്ടമായിരുന്നു മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും തമ്മിലുള്ള എഫ്എ കപ്പ് മത്സരം. നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സനലിനെ തടുക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിയുമോയെന്നത് അറിയാനുള്ള അവസരം കൂടിയായിരുന്നു എന്നതാണ് ഈ മത്സരത്തിന് പ്രാധാന്യമുണ്ടാകാൻ കാരണം. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കുകയും ചെയ്തു.
മാഞ്ചസ്റ്റർ സിറ്റിയെ സ്വതസിദ്ധമായ പാസിംഗ് ഗെയിം നടത്താൻ അനുവദിക്കാതെ ആഴ്സണൽ പിടിച്ചു കെട്ടാൻ ശ്രമിച്ചെങ്കിലും മത്സരത്തിന്റെ അറുപത്തിയഞ്ചാം മിനുട്ടിൽ ഗ്വാർഡിയോളയുടെ ടീം വിജയഗോൾ സ്വന്തമാക്കി. ഒരു ലോങ്ങ് റേഞ്ച് ഷൂട്ട് പോസ്റ്റിലടിച്ചു തെറിച്ചത് പിടിച്ചെടുത്ത് ജാക്ക് ഗ്രീലിഷ് നൽകിയ പാസ് മനോഹരമായി വലയിലെത്തിച്ച് പ്രതിരോധതാരം നഥാൻ ആക്കെയാണ് ആഴ്സണലിനെതിരെ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ നേടിയത്.

മത്സരത്തിൽ വിജയം നേടിയത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിനായി പോരാടുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ആത്മവിശ്വാസം നൽകുമെന്നതിൽ സംശയമില്ല. നിലവിൽ ഒരു മത്സരം കുറവ് കളിച്ച് മാഞ്ചസ്റ്റർ സിറ്റിയേക്കാൾ അഞ്ചു പോയിന്റ് മുന്നിലാണ് ആഴ്സണൽ നിൽക്കുന്നത്. ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും നിൽക്കുന്ന ടീമുകൾ തമ്മിൽ ഇനി രണ്ടു തവണ ലീഗിൽ ഏറ്റുമുട്ടാനുണ്ട്. ഇന്നലത്തെ മത്സരം പോലെ മാഞ്ചസ്റ്റർ സിറ്റിക്ക് രണ്ടിലും വിജയം നേടാൻ കഴിഞ്ഞാൽ ആഴ്സണലിന് വെല്ലുവിളിയാകും.
— Football Lover
Highlights: Manchester City
1-0
Arsenal
Nathan Ake (64)
Goal Highlight. MCFC. AFC. #EmiratesFACup#FACup #MCIARSpic.twitter.com/NvHtWfCKk5(@Arsenalova) January 28, 2023
അതേസമയം ഇന്നലത്തെ മത്സരം പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തെ ഒരു തരത്തിലും സ്വാധീനിക്കില്ലെന്നാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള മത്സരം കഴിഞ്ഞപ്പോൾ പറഞ്ഞത്. മത്സരം വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നുവെന്നു പറഞ്ഞ ഗ്വാർഡിയോള അർടെട്ട അവലംബിച്ച മാൻ ടു മാൻ സമീപനം ഒട്ടും പ്രതീക്ഷിച്ചില്ലെന്നും പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിക്ക് സ്വതസിദ്ധമായി കളിക്കാൻ അതു വളരെ ബുദ്ധിമുട്ട് സൃഷ്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.