ബ്ലാസ്റ്റേഴ്‌സിനെ വിമർശിച്ചവർക്ക് സ്റ്റിമാച്ചിന്റെ മറുപടി, മോഹൻ ബഗാനെതിരെ വിമർശനം | Igor Stimac

എഎഫ്‌സി ഏഷ്യൻ കപ്പിൽ ആദ്യത്തെ മത്സരത്തിനായി ഇന്ത്യ നാളെ ഇറങ്ങുകയാണ്. ഗ്രൂപ്പ് ബിയിലുള്ള ഇന്ത്യ ആദ്യത്തെ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെയാണ് ഇറങ്ങുന്നത്. ഇന്ത്യയെ അപേക്ഷിച്ച് കരുത്തരായ ടീമാണ് ഓസ്‌ട്രേലിയ എന്നതിനാൽ മത്സരത്തിൽ വിജയം നേടാൻ കഴിയുമെന്ന പ്രതീക്ഷ കുറവാണെങ്കിലും മികച്ച പ്രകടനം നടത്താനാകും എന്നാണു ഇന്ത്യൻ ടീം പ്രതീക്ഷിക്കുന്നത്.

മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഇന്ത്യൻ ടീമിലെ പരിക്കിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് പരിശീലകൻ സംസാരിക്കുകയുണ്ടായി. ആഷിക് കുരുണിയാൻ, അൻവർ അലി, ജിക്‌സൻ തുടങ്ങിയ താരങ്ങൾ സ്‌ക്വാഡിൽ ഇല്ലാത്തതിനാൽ ടീമിന്റെ നിലവാരത്തെ അത് ബാധിച്ചിട്ടുണ്ടെന്നും പരിക്കിൽ നിന്നും പൂർണമായും മുക്തനായിട്ടില്ലാത്ത സഹൽ ആദ്യത്തെ മത്സരത്തിൽ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യൻ കപ്പിനുള്ള ടീമിൽ പരിക്ക് കാരണം ഉൾപ്പെടാതിരുന്ന ജീക്സൺ സൂപ്പർകപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ ഉൾപ്പെട്ടതിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യക്ക് വേണ്ടി താരം മനഃപൂർവം കളിക്കാതിരുന്നു എന്ന രീതിയിലാണ് എതിർടീമിന്റെ ഫാൻസ്‌ പ്രചരിപ്പിച്ചത്. എന്നാൽ ഒരു ചെറിയ പരിക്ക് പോലുമുണ്ടെങ്കിൽ ഒരു താരത്തെയും കളിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് സ്റ്റിമാച്ച് ഇതിനു മറുപടി നൽകിയത്.

അതേസമയം സഹലിനെ മോഹൻ ബഗാൻ കൈകാര്യം ചെയ്‌ത രീതിയെ അദ്ദേഹം വിമർശിച്ചു. പരിക്ക് പൂർണമായും മാറാതെ സഹലിനെ മോഹൻ ബഗാൻ ട്രെയിൻ ചെയ്യിച്ചതും മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ ഉൾപ്പെടുത്തിയതും ശരിയായ രീതിയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സഹൽ രണ്ടാമത്തെ മത്സരത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

യൂറോപ്പിൽ കളിക്കുന്ന താരങ്ങളുള്ള ഓസ്‌ട്രേലിയൻ ടീമിനെതിരെ വിജയം നേടാമെന്ന പ്രതീക്ഷ തങ്ങൾക്കില്ലെന്നാണ് ഇന്ത്യൻ പരിശീലകൻ തന്നെ വ്യക്തമാക്കിയത്. എന്നാൽ ഈ വെല്ലുവിളി ഇന്ത്യൻ ടീമിന്റെ വളർച്ചക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയുടെ കരുത്തിനെ തടഞ്ഞു നിർത്തുക എന്നതാണ് ഇന്ത്യയുടെ പ്രധാന പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Igor Stimac On Injuries Ahead Of Asian Cup