ഈ ആരാധകർ ഞങ്ങൾക്കായി ജീവൻ നൽകുന്നു, അവർക്കു വേണ്ടി കിരീടം സ്വന്തമാക്കാനാണ് ഇവിടെയെത്തിയതെന്ന് ദിമിത്രിയോസ് | Dimitrios

സൂപ്പർ കപ്പിലെ ആദ്യത്തെ മത്സരത്തിൽ ഐ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന നോർത്ത് ഈസ്റ്റേൺ ക്ലബായ ഷില്ലോങ് ലജോങ്ങിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച വിജയമാണ് നേടിയത്. ക്വാമേ പെപ്ര രണ്ടു ഗോളുകൾ നേടിയ മത്സരത്തിൽ മുഹമ്മദ് അയ്‌മനും ഒരു ഗോൾ നേടിയപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്. ഇതോടെ ലൂണയുടെ അഭാവത്തിലും വിജയക്കുതിപ്പ് തുടരുകയാണ് കൊമ്പന്മാർ.

ഈ സീസണിൽ സൂപ്പർകപ്പിനെ വളരെ ഗൗരവത്തോടെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് സമീപിക്കുന്നതെന്ന് സ്‌ക്വാഡ് ആദ്യത്തെ മത്സരത്തോടുള്ള സമീപനത്തിൽ നിന്നു തന്നെ വ്യക്തമാണ്. കഴിഞ്ഞ ദിവസം ടീമിന്റെ സ്‌ട്രൈക്കറായ ദിമിത്രിയോസും അതു തന്നെയാണ് വ്യക്തമാക്കിയത്. ലൂണയുടെ അഭാവത്തിൽ ടീമിനെ നയിക്കുന്ന അദ്ദേഹം കിരീടം തന്നെയാണ് ലക്ഷ്യമെന്നാണ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.

“എനിക്ക് എല്ലാ മത്സരത്തിലും ഗോളുകൾ നേടണം, ഓരോ സീസണിലും അതിനു മുൻപുള്ള സീസണിലേക്കാൾ മികച്ച പ്രകടനം നടത്താനാണ് ഞാൻ ശ്രമിക്കുന്നത്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്റെ ടീമിനെ വിജയത്തിലേക്ക് നയിക്കുകയെന്നതു കൂടിയാണ്. കെട്ടുറപ്പുള്ള ടീമായ ഞങ്ങൾ മികച്ച പ്രകടനം നടത്തുന്നുണ്ട്. എന്നാൽ അതിൽ മാത്രം കാര്യമില്ല, ഇതുപോലെ ഇനിയും മുന്നോട്ടു പോവുക പ്രധാനമാണ്.”

“ഞങ്ങൾക്ക് കിരീടം സ്വന്തമാക്കണം, അതിനു വേണ്ടിത്തന്നെയാണ് ഇവിടേക്ക് വന്നിട്ടുള്ളത്. ഓരോ മത്സരത്തിലും ഞങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നതും അതു തന്നെയാണ്. അതു ഞങ്ങൾക്ക് വേണ്ടി മാത്രമല്ല, ആരാധകർക്കു കൂടി വേണ്ടിയാണ്. അവരത് എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്ന് നന്നായി അറിയാം. അവർ എല്ലാം ഞങ്ങൾക്ക് നൽകുന്നുണ്ട്, അവർക്കു വേണ്ടി ഇതു തന്നെയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.” ദിമിത്രിയോസ് വ്യക്തമാക്കി.

അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ തുടർച്ചയായ നാലാമത്തെ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടുന്നത്. ഈ നാല് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയിരിക്കുന്നത് ഒരേയൊരു ഗോൾ മാത്രമാണെന്നത് ടീമിന്റെ കെട്ടുറപ്പ് വ്യക്തമാക്കുന്നു. ദിമിത്രിയോസിന്റെ വാക്കുകളിൽ നിന്നും കിരീടം സ്വന്തമാക്കുകയെന്ന മനോഭാവം തന്നെയാണ് സ്‌ക്വാഡിലുള്ളതെന്നും വ്യക്തമാണ്.

Dimitrios Wants To Win Titles With Kerala Blasters