ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബോൾ ടീം കളിച്ചേക്കില്ല, ടീമിനെ അയക്കേണ്ടെന്ന തീരുമാനവുമായി മന്ത്രാലയം | India

സമീപകാലത്തായി മികച്ച ഫോമിലാണ് ഇന്ത്യൻ ഫുട്ബോൾ ടീം കളിച്ചു കൊണ്ടിരിക്കുന്നത്. ഈ വർഷം കളിച്ച മൂന്നു ടൂർണമെന്റുകളിലും അവർ കിരീടം സ്വന്തമാക്കി. ദുർബലരോ അല്ലെങ്കിലും തുല്യ ശക്തികളോ ആയ ടീമുകളോ ആണ് എതിരാളികളായി ഉണ്ടായിരുന്നതെങ്കിലും ഈ കിരീടനേട്ടങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന് വളരെയധികം ആത്മവിശ്വാസം നൽകുന്നതാണെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.

എന്നാൽ ഇന്ത്യൻ ഫുട്ബോൾ ടീമിനെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.സെപ്‌തംബറിലും ഒക്ടോബറിലുമായി നടക്കുന്ന ഏഷ്യൻ ഗെയിംസ് ഇന്ത്യൻ ഫുട്ബോൾ ടീമിന് നഷ്‌ടമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഏഷ്യൻ ഗെയിംസിന് അയക്കേണ്ടെന്ന തീരുമാനം മന്ത്രാലയം എടുത്തുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഏഷ്യൻ ഗെയിംസിന് ടീമിനെ അയക്കാൻ സ്പോർട്ട്സ് മിനിസ്ട്രി മാനദണ്ഡമായി കണക്കാക്കുന്ന റാങ്കിങ് ഇന്ത്യക്കില്ലെന്നതാണ് ഇതിനു കാരണം. ടീം ഇനത്തിൽ ഏഷ്യൻ റാങ്കിങ്ങിൽ എട്ടിന്റെ ഉള്ളിൽ വരുന്ന ടീമുകളെ മാത്രം പങ്കെടുപ്പിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഇന്ത്യൻ ഫുട്ബോൾ ടീം ഏഷ്യൻ റാങ്കിങ്ങിൽ പതിനെട്ടാം സ്ഥാനത്താണ് ഇന്ത്യൻ ഫുട്ബോൾ ടീം നിൽക്കുന്നത്.

2018ലും സമാനമായ കാരണം പറഞ്ഞ് ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ അയച്ചിരുന്നില്ല. എന്നാൽ അന്നത്തെ നിലവാരത്തിൽ നിന്നും ഇന്ത്യൻ ഫുട്ബോൾ ടീം വളരെയധികം മുന്നോട്ടു പോയിട്ടുണ്ട്. മികച്ച ടീമുകളുമായുള്ള മത്സരങ്ങൾ കളിച്ചാൽ മാത്രമേ ഇന്ത്യൻ ഫുട്ബോൾ ടീമിന് കൂടുതൽ മുന്നോട്ടു പോകാൻ കഴിയൂവെന്നിരിക്കെയാണ് അതിനു തടസം നിൽക്കുന്ന തീരുമാനങ്ങൾ വരുന്നത്.

ഏഷ്യൻ ഗെയിംസിന് അണ്ടർ 23 താരങ്ങളെയാണ് പ്രധാനമായും പങ്കെടുപ്പിക്കുക. ഇരുപത്തിമൂന്നു വയസിനു മുകളിലുള്ള മൂന്നു താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ കഴിയും. നിലവിൽ ഇന്ത്യൻ ഫുട്ബോളിലെ എല്ലാ കാറ്റഗറിയിലുള്ള ടീമുകളും മികച്ച പ്രകടനമാണ് നടത്തുന്നത്. അതുകൊണ്ടു തന്നെ മന്ത്രാലയത്തിന്റെ തീരുമാനം മാറ്റാൻ ശ്രമിക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.

India football Team Set To Miss Asian Games