ഇറാഖിനെ വിറപ്പിച്ച പോരാട്ടവീര്യവുമായി ഇന്ത്യൻ ഫുട്ബോൾ ടീം, ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽവി | India

കിങ്‌സ് കപ്പ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ ഇറാഖിനോട് പൊരുതിത്തോറ്റ് ഇന്ത്യ. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ വളരെയധികം മുന്നിൽ നിൽക്കുന്ന ടീമിനെതിരെ രണ്ടു തവണ മുന്നിലെത്തിയ ഇന്ത്യ ഒടുവിൽ സമനില വഴങ്ങി പെനാൽറ്റി ഷൂട്ടൗട്ടിലാണ് തോൽവി വഴങ്ങിയത്. മത്സരത്തിൽ ഇറാഖിന്റെ ഗോളുകൾ രണ്ടും പെനാൽറ്റിയിലൂടെയാണ് പിറന്നത്. അതിൽ റഫറിയുടെ തെറ്റായ തീരുമാനവും ഉണ്ടായിരുന്നെങ്കിലും ഇറാഖിനെതിരെ ഇന്ത്യയുടെ പോരാട്ടവീര്യം മികച്ചതായിരുന്നുവെന്നതിൽ യാതൊരു സംശയവുമില്ല.

ഇറാഖാണ് മത്സരത്തിന്റെ തുടക്കത്തിൽ ആധിപത്യം സ്ഥാപിച്ചതെങ്കിലും പതിനേഴാം മിനുട്ടിൽ ഇന്ത്യയാണ് മത്സരത്തിൽ ലീഡ് നേടിയത്. സഹൽ അബ്‌ദുൾ സമദിന്റെ മനോഹരമായൊരു പാസ് പിടിച്ചെടുത്ത് നയോരാം മഹേഷ് സിങാണ് ഇറാഖിന്റെ വല കുലുക്കിയത്. എന്നാൽ ഇന്ത്യയുടെ സന്തോഷത്തിനു അധികം ആയുസുണ്ടായിരുന്നില്ല. ഇരുപത്തിയെട്ടാം മിനുട്ടിൽ സന്ദേശ് ജിങ്കന്റെ ഹാൻഡ് ബോളിനു ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് അൽ ഹമാദി ഇറാഖിനെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇന്ത്യ മത്സരത്തിൽ വീണ്ടും മുന്നിലെത്തി. ഇന്ത്യ നടത്തിയ വേഗമേറിയ മുന്നേറ്റത്തിനൊടുവിൽ നൽകിയ ക്രോസ് തടയാനുള്ള ഇറാഖി ഗോൾകീപ്പറുടെ ശ്രമം ഒരു സെൽഫ് ഗോളിൽ കലാശിക്കുകയായിരുന്നു. അതിനു ശേഷം ഇറാഖിന്റെ ആക്രമണങ്ങളെ ഇന്ത്യ സമർത്ഥമായി തടഞ്ഞെങ്കിലും എഴുപത്തിയൊമ്പതാം മിനുട്ടിൽ ഒരു പെനാൽറ്റി കൂടി തങ്ങൾക്ക് അനുകൂലമായി ലഭിച്ചത് മുതലെടുത്ത് ഇറാഖ് മത്സരത്തിൽ വീണ്ടും ഒപ്പമെത്തി. എന്നാൽ ആ പെനാൽറ്റി റഫറിക്ക് സംഭവിച്ച പിഴവാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

അവസാന മിനിറ്റുകളിൽ ഇറാഖി താരത്തിന് റെഡ് കാർഡ് ലഭിച്ചെങ്കിലും അത് മുതലാക്കാനുള്ള സമയം ഇന്ത്യക്ക് ബാക്കിയുണ്ടായിരുന്നില്ല. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ആദ്യത്തെ പെനാൽറ്റി ബ്രെണ്ടൻ ഫെർണാണ്ടസ് പാഴാക്കിയത് ഇന്ത്യക്ക് തിരിച്ചടിയായി. അതിനു ശേഷം ഇന്ത്യ എടുത്ത പെനാൽറ്റികൾ മുഴുവൻ ഗോളാക്കി മാറ്റിയെങ്കിലും ഇറാനും എല്ലാ കിക്കുകളും ഗോളാക്കി മാറ്റിയതോടെ 5-4 എന്ന സ്കോറിന് ഇറാഖ് വിജയം നേടി ഫൈനലിലേക്ക് മുന്നേറി.

India Lost Against Iraq In Kings Cup