വീണ്ടും ശക്തി തെളിയിച്ച് ഇന്ത്യൻ യുവനിര, സ്പാനിഷ് കരുത്തരെ വീണ്ടും കീഴടക്കി | India U17
തായ്ലൻഡിൽ വെച്ച് ജൂണിൽ നടക്കാനിരിക്കുന്ന എഎഫ്സി U17 ഏഷ്യൻ കപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സ്പെയിനിൽ പര്യടനം നടത്തുന്ന ഇന്ത്യൻ അണ്ടർ 17 ടീമിന് വീണ്ടും വിജയം. മാഡ്രിഡിലെ അൽകാല ഡി ഹെനാറസിൽ നടന്ന മത്സരത്തിൽ സ്പെയിനിലെ പ്രമുഖ ക്ലബുകളിൽ ഒന്നായ അത്ലറ്റികോ മാഡ്രിഡിന്റെ അണ്ടർ 16 ടീമിനെയാണ് ഇന്ത്യ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയത്. മൂന്നു മത്സരങ്ങളിൽ ഇന്ത്യ നേടുന്ന രണ്ടാം വിജയമാണിത്.
ടന്ഗളാൽസൂൺ ഗാങ്തെ, ലാൽപെഖ്ലുവാ എന്നിവരാണ് മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി ഗോളുകൾ സ്വന്തമാക്കിയത്. അത്ലറ്റികോ മാഡ്രിഡ് യുവനിരക്ക് വേണ്ടി ടലോൺ ഒരു ഗോൾ മടക്കി. ഇത് രണ്ടാമത്തെ മത്സരത്തിലാണ് ഇന്ത്യയുടെ അണ്ടർ 17 ടീം വിജയം നേടുന്നത്. കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഇതേ ടീമിനെ തന്നെ ഇന്ത്യ തോൽപ്പിച്ചിരുന്നു. അത്ലറ്റികോ മാഡ്രിഡ് സ്പെയിനിലെ പ്രമുഖ അക്കാദമികളിൽ ഒന്നാണെന്നിരിക്കെ ഈ വിജയം ഇന്ത്യക്ക് അഭിമാനമാണ്.
The second-half goals from Gangte and Lalpekhlua gave the India U17 Men's National Team a 2-1 victory over the Atletico Madrid U16 team!#AFCU17 #BlueColts #BackTheBlue #ALTIND pic.twitter.com/h5mryOIATg
— All India Football (@AllIndiaFtbl) April 27, 2023
മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനായിരുന്നു മുൻതൂക്കമെങ്കിലും അവർക്ക് ഗോളുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ ഇന്ത്യൻ പരിശീലകൻ ബിബിയാനോ ഫെർണാണ്ടസ് വരുത്തിയ മാറ്റങ്ങളാണ് കളിയുടെ ഗതി മാറ്റിയത്. അതിനു ശേഷം ഇന്ത്യയുടെ കാലിലാണ് കലിയുണ്ടായിരുന്നത്. പകരക്കാരനായി ഇറങ്ങിയ കോറൂ സിങ് നൽകിയ പാസിൽ നിന്നും ഗാങ്തെ ടീമിനായി ആദ്യത്തെ ഗോൾ നേടുകയും ചെയ്തു.
അതിനു പിന്നാലെ ഇന്ത്യ രണ്ടാമത്തെ ഗോൾ നേടി. കോറൂ-ഗാങ്തെ ദ്വയം തന്നെയാണ് ആ ഗോളിലും പ്രധാന പങ്കു വഹിച്ചത്. കോറൂ നൽകിയ പാസിൽ നിന്നും ഗാങ്തെക്ക് ഗോൾ നേടാമായിരുന്നെങ്കിലും താരം അതിനു പകരം ലാൽപെഖ്ലുവക്ക് പന്ത് നൽകുകയാണ് ചെയ്തത്. താരം രണ്ടാമത്തെ മത്സരത്തിലും ടീമിനായി ഗോൾ കണ്ടെത്തുകയും ചെയ്തു. എഴുപത്തിയെട്ടാം മിനുട്ടിലാണ് അത്ലറ്റികോ മാഡ്രിഡിന്റെ ആശ്വാസഗോൾ പിറന്നത്.
സ്പെയിനിൽ വെച്ച് നടക്കുന്ന പ്രാക്റ്റിസ് മത്സരങ്ങളിൽ മൂന്നിൽ രണ്ടെണ്ണത്തിലും ഇന്ത്യക്ക് വിജയം നേടാൻ കഴിഞ്ഞു. സ്പെയിനിലെ മികച്ച അക്കാദമികളിൽ ഒന്നായ അത്ലറ്റികോ മാഡ്രിഡിന്റെ അണ്ടർ 17 ടീമിനെതിരെ വിജയം നേടാൻ കഴിഞ്ഞത് ഏഷ്യൻ കപ്പിനിറങ്ങുന്ന ഇന്ത്യൻ ടീമിന് ആത്മവിശ്വാസം നൽകുന്ന ഒന്നാണ്. ടൂർണ്ണമെന്റിൽ ഇന്ത്യൻ ടീം മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്.
India U17 Team Beat Atletico Madrid U16