നിഷ്പ്രഭമാക്കിയത് ഏഴോളം താരങ്ങളെ, കാണുന്നവരുടെ ശ്വാസം നിലച്ചു പോകുന്ന ഡ്രിബിളിംഗുമായി ന്യൂകാസിൽ യുണൈറ്റഡ് താരം | Alexander Isak

ടോട്ടനം ഹോസ്പറിനെതിരെ നടന്ന ,മത്സരത്തിൽ ഒന്നിനെതിരെ ആറു ഗോളുകളുടെ വിജയം നേടിയതിനു ശേഷം കഴിഞ്ഞ ദിവസം നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഗംഭീര പ്രകടനം നടത്തി ചാമ്പ്യൻസ് ലീഗ് സ്ഥാനം ഉറപ്പിക്കുന്നതിനു അരികിലെത്തി ന്യൂകാസിൽ യുണൈറ്റഡ്. എവർട്ടനെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയമാണ് ന്യൂകാസിൽ നേടിയത്. ഇതോടെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ന്യൂകാസിൽ യുണൈറ്റഡ് മുന്നേറി.

എവർട്ടണിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ കല്ലം വിൽസന്റെ ഇരട്ടഗോളുകളും ജോലിന്റൻ, ജേക്കബ് മർഫി എന്നിവരുടെ ഗോളുകളുമാണ് ന്യൂകാസിലിനു വിജയം നേടിക്കൊടുത്തത്. ഡ്വിറ്റ് മക്നീൽ എവർട്ടണിന്റെ ആശ്വാസഗോൾ നേടി. വിജയത്തോടെ മുപ്പത്തിരണ്ട് മത്സരങ്ങളിൽ നിന്നും 62 പോയിന്റ് നേടിയാണ് ന്യൂകാസിൽ മൂന്നാമത് നിൽക്കുന്നത്. ഒരു മത്സരം കുറവ് കളിച്ച് 60 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാം സ്ഥാനത്ത് നിൽക്കുന്നു.

മത്സരത്തിലെ വിജയത്തേക്കാൾ ആരാധകർക്ക് ആവേശം നൽകിയതും ചർച്ച ചെയ്യപ്പെടുന്നതും സ്വീഡിഷ് താരമായ അലക്‌സാണ്ടർ ഇസക്ക് നൽകിയ ഒരു അസിസ്റ്റാണ്. എഴുപത്തിനാലാം മിനുട്ടിലാണ് ലോങ്സ്റ്റാഫിനു പകരം ഇസക്ക് കളിക്കളത്തിൽ ഇറങ്ങുന്നത്. ഏഴു മിനുട്ടിനു ശേഷം മർഫി നേടിയ ഗോളിന് താരം നൽകിയ അസിസ്റ്റ് ആരാധകർ മുഴുവൻ ശ്വാസമടക്കി പിടിച്ചാവും കണ്ടിട്ടുണ്ടാവുക എന്നുറപ്പാണ്.

മധ്യവരക്കരികിൽ നിന്നും പന്തുമായി മുന്നേറിയ ഇസക്ക് ത്രോ ലൈനിനരികിലൂടെ നീങ്ങുമ്പോൾ മൂന്നു താരങ്ങളാണ് തടുക്കാനായി എത്തിയിരുന്നത്. എന്നാൽ കോർണറിന്റെ അടുത്തു വെച്ച് മനോഹരമായൊരു സ്‌കില്ലിലൂടെ അവരെ മൂന്നു പേരെയും മറികടന്ന താരം അതിനു ശേഷം ലൈനിലൂടെ ബോക്‌സിലേക്ക് കുതിക്കുകയും പന്ത് മർഫിക്ക് കൈമാറുകയുമായിരുന്നു. മർഫിക്ക് അത് പോസ്റ്റിലേക്ക് ഒന്ന് തൊട്ടു കൊടുക്കേണ്ടി മാത്രമേ വന്നുള്ളൂ.

മത്സരത്തിന് ശേഷം ഇസാക്കിനെ മുൻ ആഴ്‌സണൽ താരം തിയറി ഹെൻറിയോടാണ്‌ എല്ലാവരും ഉപമിക്കുന്നത്. കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ന്യൂകാസിൽ ക്ലബ് റെക്കോർഡ് തുക മുടക്കി റയൽ സോസിഡാഡിൽ നിന്നും ടീമിലെത്തിച്ച താരമാണ് ഇസക്ക്. ഈ സീസണിൽ പതിനൊന്നു മത്സരങ്ങളിൽ മാത്രം ആദ്യ ഇലവനിൽ ഇറങ്ങിയ താരം പത്ത് ഗോളുകൾ ടീമിനായി നേടിയിട്ടുണ്ട്. ഇരുപത്തിമൂന്നു വയസ് മാത്രം പ്രായമുള്ള ഇസാക്കിന് ന്യൂകാസിലിന്റെ പ്രധാന താരമായി മാറാൻ കഴിയും.

Alexander Isak Dribbling And Assist Against Everton