എർലിങ് ഹാലൻഡിന്റെ മിന്നുന്ന ഫോം ലയണൽ മെസിക്ക് ഭീഷണി | Erling Haaland

ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയതിനു ശേഷം തന്റെ ഗോളടിമികവ് ഒന്നുകൂടി വർധിപ്പിച്ചിരിക്കുകയാണ് നോർവീജിയൻ താരമായ ഏർലിങ് ബ്രൂട്ട് ഹാലാൻഡ്. ആഴ്‌സണലിനെതിരെ നടന്ന കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ഗോൾ നേടിയതോടെ 38 മത്സരങ്ങളുള്ള പ്രീമിയർ ലീഗിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന സലായുടെ റെക്കോർഡ് ഇപ്പോൾ തന്നെ താരം തകർത്തു കഴിഞ്ഞു. ലീഗിൽ ഏഴു മത്സരങ്ങൾ ഇനിയും കളിക്കാനിരിക്കെയാണ് ഈ നേട്ടം.

പ്രീമിയർ ലീഗിൽ മുപ്പത്തിമൂന്നു ഗോളുകൾ നേടിയ ഹാലാൻഡ് ഈ സീസണിലാകെ 42 മത്സരങ്ങളിൽ നിന്നും 49 ഗോളുകൾ മാഞ്ചസ്റ്റർ സിറ്റിക്കായി നേടിയിട്ടുണ്ട്. ഇന്നലെ ആഴ്‌സണലുമായി നടന്ന മത്സരത്തിൽ വിജയം നേടിയതോടെ ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിയുടെ കൈകളിലാണുള്ളത്. പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ്എ കപ്പ് എന്നീ ടൂർണമെന്റുകളിൽ ഇത്തവണ മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടപ്രതീക്ഷയുണ്ട്.

എർലിങ് ഹാലാൻഡിന്റെ ഇപ്പോഴത്തെ ഫോം ലയണൽ മെസി ആരാധകർക്ക് ആശങ്ക നൽകുന്നുണ്ട്. ഖത്തർ ലോകകപ്പിൽ ഐതിഹാസികമായ കിരീടം നേടിയതിനു ശേഷം നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ലയണൽ മെസി അടുത്ത വർഷത്തെ ബാലൺ ഡി ഓർ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ നോർവേ താരത്തിന്റെ ഇപ്പോഴത്തെ ഫോം വെച്ച് നോക്കുമ്പോൾ ലയണൽ മെസിക്ക് വലിയ വെല്ലുവിളി താരം ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല.

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി സെമി ഫൈനലിൽ റയൽ മാഡ്രിഡിനെയാണ് നേരിടുന്നത്. ഇപ്പോഴത്തെ ഫോം വെച്ച് നോക്കുമ്പോൾ കിരീടം നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് വളരെയധികം സാധ്യതയുണ്ട്. ചാമ്പ്യൻസ് ലീഗ് വിജയമെന്നത് ഹാലൻഡിനെ സംബന്ധിച്ച് വലിയ സ്വപ്‌നവുമാണ്. ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞാൽ തന്നെ ലയണൽ മെസിയുടെ എട്ടാം ബാലൺ ഡി ഓർ നേട്ടമെന്ന സ്വപ്‌നം എർലിങ് ഹാലാൻഡ് തകർക്കുമെന്നതിൽ സംശയമില്ല.

പ്രീമിയർ ലീഗിൽ ഇനി ഏഴു മത്സരങ്ങളാണ് മാഞ്ചസ്റ്റർ സിറ്റിക്ക് ബാക്കിയുള്ളത്. അതിൽ ആറെണ്ണത്തിൽ വിജയിക്കാൻ കഴിഞ്ഞാൽ മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം നേടാൻ കഴിയും. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന്റെ വെല്ലുവിളി മറികടക്കാൻ കഴിഞ്ഞാൽ എസി മിലാനോ ഇന്റർ മിലാനോ ആയിരിക്കും ഫൈനലിൽ എതിരാളികൾ. എഫ്എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് സിറ്റി നേരിടുന്നത്.

Erling Haaland Strong Candidate To Win 2023 Ballon D’or