റൊണാൾഡോയുടെ വരവിനു പിന്നാലെ അൽ നസ്റിൽ പ്രശ്‌നങ്ങൾ ഗുരുതരമാകുന്നു, പരിശീലകന് പിന്നാലെ ക്ലബ് ചെയർമാനും പുറത്ത് | Al Nassr

ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയതോടെ അൽ നസ്ർ ആഗോളതലത്തിൽ തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടെങ്കിലും പ്രകടനത്തിന്റെ കാര്യത്തിൽ അവർ പുറകോട്ടു പോവുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബിനായി പലപ്പോഴും മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും സ്ഥിരതയില്ലാത്തത് ക്ലബിന് തിരിച്ചടി നൽകുന്നു. അതിനു പുറമെ നിർണായക ഘട്ടങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ റൊണാൾഡോക്ക് കഴിയുന്നില്ലെന്നതും ടീമിന് തിരിച്ചടിയാണ്.

റൊണാൾഡോ എത്തിയതിനു ശേഷം മികച്ച പ്രകടനം നടത്താൻ കഴിയാത്തതിനെ തുടർന്ന് അൽ നസ്ർ പരിശീലകനായ റൂഡി ഗാർസിയയെ പുറത്താക്കിയിരുന്നു. ഇപ്പോൾ താൽക്കാലിക പരിശീലകനാണ് ടീമിനെ നയിക്കുന്നത്. അതിനു പിന്നാലെ ഇപ്പോൾ ക്ലബിന്റെ ചെയർമാനായ അൽ മുഹമ്മദ് സൗദി അറേബ്യൻ കായിക മന്ത്രാലയത്തിനു മുന്നിൽ തന്റെ രാജി സമർപ്പിച്ചുവെന്നാണ് സൗദി അറേബ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സൗദി ഗസറ്റയുടെ റിപ്പോർട്ടുകൾ പ്രകാരം ഒരാഴ്ച്ചക്കിടെ ക്ലബ്ബിനുണ്ടായ രണ്ടു തോൽവികളാണ് അദ്ദേഹം ക്ലബിൽ നിന്നും പുറത്താകാൻ കാരണം. അൽ ഹിലാലിനോട് സൗദി ലീഗിലും അൽ വഹ്ദയോട് സൗദി കിങ്‌സ് കപ്പിലുമാണ് അൽ നസ്ർ തോൽവി വഴങ്ങിയത്. ഇതോടെ കിങ്‌സ് കപ്പിൽ നിന്നും അൽ നസ്ർ ടീം പുറത്തു പോയതിനു പിന്നാലെ സൗദി പ്രൊ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് വീണ് കിരീടപ്രതീക്ഷയും ഇല്ലാതായിരുന്നു.

275 മില്യൺ യൂറോയോളം ഒരു സീസണിൽ ലഭിക്കുന്ന വമ്പൻ കരാറൊപ്പിട്ടാണ് റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബിലേക്ക് ചേക്കേറിയത്. സൗദിയിൽ എത്തിയതിനു ശേഷം പതിനാലു മത്സരങ്ങളിൽ നിന്നും 11 ഗോളുകൾ താരം നേടിയിട്ടുണ്ടെങ്കിലും ടീം പുറകോട്ടു പോകുന്നത് താരം ചെലുത്തുന്ന പ്രഭാവത്തിൽ സംശയങ്ങൾ ഉയർത്തുന്നു. ഈ സീസണിൽ ഒരു കിരീടം പോലും നേടാതിരുന്നാൽ കരിയറിൽ ആദ്യമായി തുടർച്ചയായ രണ്ടു സീസണുകളിൽ കിരീടമില്ലാതെ പൂർത്തിയാക്കുകയെന്ന മോശം റെക്കോർഡു കൂടി റൊണാൾഡോക്ക് സ്വന്തമാകും.

Al Nassr Chairman Resigned As Per Reports