ആരാധകരുടെ ആഗ്രഹം നടന്നേക്കും, വമ്പൻ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നു | Kerala Blasters

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനൽ കളിച്ചപ്പോൾ അതിനു പ്രധാന പങ്കു വഹിച്ച താരമാണ് അൽവാരോ വാസ്‌ക്വസ്. ക്ലബിന് വേണ്ടി എട്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയ താരം അർജന്റീന താരമായ ജോർഹെ പെരേര ഡയസുമായി വളരെയധികം ഒത്തിണക്കത്തോടെ പ്രവർത്തിച്ച് മികച്ച പ്രകടനം നടത്തുകയുണ്ടായി. എന്നാൽ സീസൺ കഴിഞ്ഞതോടെ ആരാധകർ ആഗ്രഹിച്ചതല്ല സംഭവിച്ചത്.

കഴിഞ്ഞ സീസൺ അവസാനിച്ചതോടെ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട അൽവാരോ വാസ്‌ക്വസ് രണ്ടു വർഷത്തെ കരാറിൽ എഫ്‌സി ഗോവയിലേക്ക് ചേക്കേറി. അവിടെ താരം മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അത് സംഭവിച്ചില്ല. ഈ സീസണിൽ പതിനേഴു മത്സരങ്ങളിൽ മാത്രം ടീമിന് വേണ്ടി കളത്തിലിറങ്ങിയ താരം ഒരു ഗോൾ മാത്രമാണ് നേടിയത്. അടുത്തിടെ സമാപിച്ച സൂപ്പർകപ്പിൽ ഒരു മത്സരത്തിൽ 19 മിനുട്ട് മാത്രമേ താരം കളത്തിലിറങ്ങിയുള്ളൂ.

ഗോവയിൽ മികച്ച പ്രകടനം നടത്താൻ കഴിയാതെ വന്നതോടെ അൽവാരോ വാസ്‌ക്വസ് ക്ലബ് വിടാനുള്ള തയ്യാറെടുപ്പിലാണ്. ഗോവ വിടുകയാണെങ്കിൽ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ തിരികെയെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിനോട് വളരെയധികം സ്നേഹം വാസ്‌ക്വസിനുള്ളത് അതിനുള്ള സാധ്യത വർധിപ്പിക്കുന്നത്. പ്ലേ ഓഫിൽ ബെംഗളൂരു എഫ്‌സിക്കെതിരെ ഉണ്ടായ വിവാദത്തിൽ വുകോമനോവിച്ചിന് പിന്തുണ നൽകി വാസ്‌ക്വസ് രംഗത്തു വന്നിരുന്നു.

അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിര താരമായ അപോസ്തലോസ് ജിയാനു ക്ലബ് വിടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അതുകൊണ്ടു തന്നെ പുതിയൊരു വിദേശ സ്‌ട്രൈക്കർ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുമെന്ന കാര്യത്തിൽ സംശയമില്ല. ദിമിത്രി ഡയമന്റക്കൊസ് ക്ലബിൽ തുടരുമെന്നതിനാൽ അടുത്ത സീസണിൽ ദിമി-വാസ്‌ക്വസ് ദ്വയമാകും ഇവാന്റെ പദ്ധതികളിൽ പ്രധാനിയാവുക. ഇവാന്റെ ശൈലിയുമായി ഇണങ്ങിച്ചേർന്നു കളിക്കുന്നതും വാസ്‌ക്വസ് വരാനുള്ള സാധ്യത വർധിപ്പിക്കുന്നു.

Alvaro Vazquez Ready To Return To Kerala Blasters