എമിലിയാനോ മാർട്ടിനസെന്ന ബുദ്ധികേന്ദ്രം, ഫൈനലിൽ ഡിബാലക്കു നൽകിയ തന്ത്രം വെളിപ്പെടുത്തി താരം | Emiliano Martinez

ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ അർജന്റീന വിജയം നേടാൻ സഹായിച്ചത് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ കൈകളായിരുന്നു. അർജന്റീന ആധിപത്യം നേടിയ ഫൈനലിൽ പിന്നീട് ഫ്രാൻസ് തിരിച്ചു വന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടു പോയപ്പോൾ അവിടെ എമിലിയാനോ മാർട്ടിനസ് രക്ഷകനായി. ഒരു പെനാൽറ്റി തടുത്തിട്ട താരം ഫ്രാൻസിന്റെ ഒരു പെനാൽറ്റി പുറത്തു പോകുന്നതിനും കാരണമായിരുന്നു.

എന്നാൽ പെനാൽട്ടി തടുക്കുക മാത്രമല്ല, പെനാൽറ്റി അടിക്കാനും എമിലിയാനോ മാർട്ടിനസിന്റെ സഹായം ഉണ്ടായിരുന്നു. ഷൂട്ടൗട്ടിൽ അർജന്റീനയുടെ രണ്ടാമത്തെ പെനാൽറ്റി എടുത്ത പൗളോ ഡിബാല അത് മധ്യഭാഗത്തേക്കാണ് അടിച്ചു ഗോളാക്കി മാറ്റിയത്. അങ്ങിനെ പെനാൽറ്റിയടിക്കാൻ തന്നോട് പറഞ്ഞത് എമിലിയാനോ മാർട്ടിനസാണെന്ന് ഡിബാല പിന്നീട് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം അതിന്റെ കാരണം എമിലിയാനോ വെളിപ്പെടുത്തുകയുണ്ടായി.

“ഞാൻ ഒരു പെനാൽറ്റി സേവ് ചെയ്‌താൽ അതിനു ശേഷമുള്ളത് മധ്യത്തിലേക്ക് ഷൂട്ട് ചെയ്യണമെന്ന് ഞാൻ പറഞ്ഞിരുന്നു. ഒരുപാട് വർഷങ്ങൾ എന്റെ സൈക്കോളജിസ്റ്റ് പരിശീലനം നൽകിയതിന്റെ കൂടി ഭാഗമായാണത്. ഞാൻ ആദ്യത്തെ പെനാൽറ്റി സേവ് ചെയ്യുന്നതോടെ എതിർടീമിന്റെ ഗോൾകീപ്പർക്ക് കൂടുതൽ സമ്മർദ്ദമുണ്ടാകും. അവർ തീർച്ചയായും ഡൈവ് ചെയ്യും. ലോകകപ്പ് ഫൈനലിൽ ഷൂട്ട് തടുക്കാൻ ചാടാതെ മണ്ടനെപ്പോലെ അനങ്ങാതെ നിൽക്കാൻ ആരും ആഗ്രഹിക്കില്ല.” താരം കഴിഞ്ഞ ദിവസം വ്യക്തമാക്കി.

ആദ്യത്തെ കിക്കുകൾ എംബാപ്പയും ലയണൽ മെസിയും ഗോളാക്കി മാറ്റിയതിനു ശേഷം കോമാൻ എടുത്ത രണ്ടാമത്തെ കിക്കാണ് എമിലിയാനോ മാർട്ടിനസ് തടുത്തിട്ടത്. അതിനു ശേഷം പെനാൽറ്റി എടുക്കാൻ വന്ന ഡിബാല മധ്യഭാഗത്തേക്ക് തന്നെ ഷൂട്ട് ചെയ്‌ത്‌ അതു ഗോളാക്കി മാറ്റി. അതിനു പിന്നാലെ ഷുവാമേനി എടുത്ത കിക്ക് പുറത്തു പോവുകയും ചെയ്‌തതോടെ അർജന്റീനക്ക് മുൻ‌തൂക്കം ലഭിച്ചു. തുടർന്ന് പരഡെസ്, മോണ്ടിയാൽ എന്നിവർ കൂടി ഗോൾ നേടിയതോടെ അർജന്റീന കിരീടം സ്വന്തമാക്കി.

വളരെ ചെറിയൊരു കാര്യമാണെങ്കിലും അത് ലോകകപ്പ് പോലെയൊരു വലിയ ടൂർണമെന്റിൽ എത്രത്തോളം ടീമിനെ സഹായിച്ചുവെന്നത് വ്യക്തമാണ്. എതിരാളികളുടെ മാനസികനില അളക്കാനുള്ള എമിലിയാനോ മാർട്ടിനസിന്റെ ഈ കഴിവ് തന്നെയാണ് താരത്തെ ലോകത്തിലെ മികച്ച ഗോൾകീപ്പർമാരിൽ ഒരാളാക്കി മാറ്റുന്നത്. അടുത്ത സീസണിൽ താരം ഏതെങ്കിലും വമ്പൻ ക്ലബ്ബിലേക്ക് ചേക്കേറും എന്നു തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Emiliano Martinez About Dybala Penalty Kick In World Cup Final