ഇന്ത്യയുടെ ചുണക്കുട്ടന്മാർ ഗോളടിച്ചു കൂട്ടി, മുട്ടുകുത്തിയത് സ്പെയിനിലെ വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡ് | India U17

ഇന്ത്യൻ ഫുട്ബോളിനെ വളർത്താനുള്ള വിപുലമായ പദ്ധതികളാണ് പുതിയ നേതൃത്വം മുന്നോട്ടു വെക്കുന്നത്. 2047ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോഴേക്കും ലോകകപ്പിൽ പങ്കെടുക്കുന്ന തലത്തിലേക്ക് ഫുട്ബോൾ വളർത്താനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിഹാസ പരിശീലകനായ ആഴ്‌സൺ വേങ്ങർ അടക്കമുള്ളവരുടെ മേൽനോട്ടത്തിലാണ് ഇന്ത്യയിൽ ഫുട്ബോൾ വളർത്താനുള്ള പദ്ധതികൾ നടക്കുന്നത്.

എന്തായാലും ഇന്ത്യൻ ഫുട്ബോളിന് വളരെ സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. കഴിഞ്ഞ ദിവസം നടന്ന സ്പെയിനിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ അണ്ടർ 17 ടീം പരാജയപ്പെടുത്തിയത് സ്പെയിനിലെ വമ്പൻ ടീമുകളിൽ ഒന്നായ അത്ലറ്റികോ മാഡ്രിഡിന്റെ ജൂനിയർ ടീമിനെയാണ്. ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയമാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയതെന്നത് രാജ്യത്തെ ഫുട്ബോൾ ആരാധകർക്ക് വലിയ അഭിമാനം പകരുന്ന കാര്യം തന്നെയാണ്.

ആദ്യ പകുതിയിൽ തന്നെ ഇന്ത്യ മൂന്നു ഗോളുകൾ അത്ലറ്റികോ മാഡ്രിഡിനെതിരെ നേടിയിരുന്നു. അതിനു ശേഷം രണ്ടാം പകുതിയിൽ ഒരു ഗോൾ കൂടി നേടി ഇന്ത്യ പട്ടിക തികച്ചു. കോറൂ, ലാൽ പെഖ്‌ലുവാ, ഷശാന്ത്, ഗോഗോച്ച എന്നിവരാണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്. ഗബ്രിയേൽ അത്ലറ്റികോ മാഡ്രിഡിന്റെ ഗോൾ നേടി. ഇന്ത്യൻ ഫുട്ബോളിലെ യുവനിരയുടെ പ്രകടനം മെച്ചപ്പെടുത്താൻ വേണ്ടിയുള്ള ടൂറിന്റെ ഭാഗമായാണ് സൗഹൃദമത്സരം സംഘടിപ്പിച്ചത്.

തായ്‌ലൻഡിൽ വെച്ച് നടക്കുന്ന എഎഫ്‌സി അണ്ടർ 17 ടൂർണമെന്റിനു മുന്നോടിയായി ടീമിന് തയ്യാറെടുപ്പിന്റെ കൂടി ഭാഗമായാണ് മത്സരം നടന്നത്. സ്പെയിനിൽ തന്നെയുള്ള ടീം ഇനി ഏതാനും മറ്റു പ്രധാന ടീമുകളുമായി കൂടി മത്സരിക്കും. എന്തായാലും സ്പെയിനിലെ തന്നെ ഏറ്റവും മികച്ച അക്കാദമികളിൽ ഒന്നായ അത്ലറ്റികോ മാഡ്രിഡിന്റെ അണ്ടർ 16 ടീമിനെ ഇന്ത്യൻ ടീം തോൽപ്പിച്ചത് പ്രതിഭകൾക്ക് ഈ രാജ്യത്ത് കുറവൊന്നുമില്ലെന്ന് തെളിയിക്കുന്നു.

ജൂൺ പതിനഞ്ചു മുതൽ ജൂലൈ രണ്ടു വരെയാണ് അണ്ടർ 17 ഏഷ്യൻ കപ്പ് നടക്കുന്നത്. ഡ്രോ നടക്കാത്തതിനാൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ എതിരാളികൾ ഏതൊക്കെ ടീമുകളാണെന്ന് വ്യക്തമല്ല. എന്തായാലും ടൂർണമെന്റിനു മുൻപ് നേടിയ ഈ വിജയം ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തി ടൂർണമെന്റിൽ മികച്ച പ്രകടനം നടത്താൻ സഹായിക്കുമെന്നതിലും സംശയമില്ല.

Content Highlights: India U17 Beat Atletico Madrid U16