കലിംഗ സ്റ്റേഡിയത്തിൽ ഇന്ത്യൻ ഗർജ്ജനം, ലെബനനെ തകർത്ത് ഇന്റർ കോണ്ടിനെന്റൽ കപ്പ് കിരീടം സ്വന്തമാക്കി | India

ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ലെബനനെ കീഴടക്കി ഇന്ത്യക്ക് വിജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ത്യ വിജയം നേടിയത്. മത്സരത്തിൽ പൂർണമായും ഇന്ത്യ ആധിപത്യം സ്ഥാപിച്ചത് വരാനിരിക്കുന്ന ടൂർണമെന്റുകളിൽ സ്റ്റിമാക്കിനും പിള്ളേർക്കും ആത്മവിശ്വാസം നൽകുന്നതാണ്.

കലിംഗ സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ ആരാധകർക്ക് മുന്നിൽ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. എതിരാളികൾക്ക് മേൽ മേധാവിത്വം സ്ഥാപിച്ച ഇന്ത്യ അവസരങ്ങൾ തുറന്നെടുത്തെങ്കിലും അത് കൃത്യമായി മുതലെടുക്കാൻ കഴിഞ്ഞില്ല. ഇന്ത്യയുടെ ഹൈ പ്രെസിങ്ങിനു ഫലം കണ്ട ആദ്യപകുതിയായിരുന്നു. ലെബനൻ നടത്തിയ നീക്കങ്ങളെല്ലാം ദുർബലമായാണ് അവസാനിച്ചത്.

ആദ്യപകുതിയുടെ മുൻതൂക്കത്തിന് ഫലമായി രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇന്ത്യയുടെ ഗോൾ വന്നു. റൈറ്റ് ഫ്‌ളാങ്കിലൂടെ നടത്തിയ മുന്നേറ്റത്തിൽ അതിമനോഹരമായാണ് ഇന്ത്യ ഗോൾ കണ്ടെത്തിയത്. നിഖിൽ പൂജാരി നൽകിയ ബാക്ക് ഹീൽ പാസ് ഗോളിൽ എടുത്തു പറയേണ്ടതാണ്. അതിനു ശേഷം ചാങ്‌തെ നൽകിയ പാസിൽ നിന്നും ഛേത്രിയാണ് ഗോൾ നേടിയത്.

അതിനു ശേഷവും ഇന്ത്യയുടെ മുന്നേറ്റം തന്നെയാണ് ഉണ്ടായത്. ഇന്ത്യയുടെ പ്രെസ്സിങ്ങിന്റെ വിജയമായിരുന്നു രണ്ടാമത്തെ ഗോളും. ലെബനൻ താരങ്ങളുടെ കാലിൽ നിന്നും പന്തെടുത്തതിനു ശേഷം മുന്നേറിയ മഹേഷ് ഷോട്ടുതിർത്തു. ലെബനൻ ഗോൾകീപ്പർ അത് തടുത്തിട്ടെങ്കിലും പന്ത് ലഭിച്ച ചാങ്‌തെ അത് വലയിലേക്ക് പായിച്ച് ഇന്ത്യയുടെ ലീഡ് ഉയർത്തി.

മത്സരത്തിൽ അതിനു ശേഷവും പൂർണമായും ആധിപത്യം സ്ഥാപിച്ച ഇന്ത്യ പ്രത്യാക്രമണങ്ങളിൽ പിന്നീടും ലെബനന് ഭീഷണിയുയർത്തി. ഇഞ്ചുറി ടൈമിൽ ഇന്ത്യൻ താരത്തിന്റെ ഹെഡർ ലെബനൻ കീപ്പർ ഫുൾ ഡൈവിലൂടെയാണ് രക്ഷപ്പെടുത്തിയത്.

India Won Intercontinental Cup