വൻമതിലായി ഉനൈ സിമോൺ, ക്രൊയേഷ്യക്കൊപ്പം മോഡ്രിച്ചിന് കിരീടമില്ല | Spain

യുവേഫ നേഷൻസ് ലീഗിന്റെ ഫൈനൽ മത്സരം കഴിഞ്ഞ ദിവസം പൂർത്തിയായപ്പോൾ ദേശീയ ടീമിനൊപ്പം ഒരു കിരീടം സ്വന്തമാക്കാമെന്ന ലൂക്ക മോഡ്രിച്ചിന്റെ മോഹങ്ങൾ തകർന്നു. മത്സരത്തിൽ രണ്ടു ടീമുകൾക്കും ഗോളുകൾ നേടാൻ കഴിയാതിരുന്നതിനെ തുടർന്ന് എക്‌സ്ട്രാ ടൈമിലേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ടപ്പോൾ ക്രൊയേഷ്യയുടെ രണ്ടു ഷോട്ടുകൾ തടുത്തിട്ട് ഗോൾകീപ്പർ ഉനെ സിമോൺ സ്പെയിനിന്റെ ഹീറോയായി.

രണ്ടു ടീമുകളും ഒരുപോലെ കളിച്ച ആദ്യപകുതിയിൽ അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും മുതലെടുക്കാൻ കഴിഞ്ഞില്ല. പന്തിന്മേൽ ആധിപത്യം പുലർത്തിയ സ്പെയിൻ ഷോർട്ട് പാസുകളുമായി മുന്നേറ്റങ്ങൾ നടത്തി കളിച്ചപ്പോൾ ക്രൊയേഷ്യ പ്രത്യാക്രമണത്തിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. രണ്ടു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല.

ആദ്യപകുതിയുടെ ആവർത്തനമായിരുന്നു രണ്ടാം പകുതി. രണ്ടു ടീമുകളും ഏതാനും അവസരങ്ങൾ ഉണ്ടാക്കിയെടുത്തെങ്കിലും അതൊന്നും ഗോളാക്കി മാറ്റി വിജയം നേടിയെടുക്കാൻ അവർക്ക് കഴിഞ്ഞില്ല. എതിരാളിയുടെ ബലം അറിയുന്നതിനാൽ കരുതലോടെയാണ് ടീമുകൾ കളിച്ചത്. തുടർന്ന് എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം അവിടെയും സമനിലയിൽ പിരിഞ്ഞതോടെയാണ് ഷൂട്ടൗട്ടിലേക്ക് പോയത്.

ഷൂട്ടൗട്ടിൽ രണ്ടു ടീമുകളും ആദ്യത്തെ മൂന്നു കിക്കുകൾ ഗോളാക്കി മാറ്റിയിരുന്നു. അതിനു ശേഷമാണ് ഉനൈ സിമോൺ ടീമിന്റെ രക്ഷകനായത്. ലോവരോ മാജേർ, ബ്രൂണോ പെറ്റ്‌കോവിച്ച് എന്നിവരുടെ ഷോട്ടുകൾ താരം തടഞ്ഞിട്ടു. സ്പെയിനിന്റെ ഒരു കിക്ക് ലപോർട്ടെ പുറത്തേക്കടിച്ച് കളഞ്ഞെങ്കിലും ആറാമത്തെ കിക്കെടുത്ത കാർവാഹാൾ ഗോൾ നേടിയതോടെ സ്പെയിൻ കിരീടം സ്വന്തമാക്കി.

Spain Won UEFA Nations League