ഇന്ത്യൻ ടീം ഞെട്ടിച്ചു കളഞ്ഞു, ഇന്ത്യയുടെ പ്രകടനത്തിന് പ്രശംസയുമായി ലെബനൻ പരിശീലകൻ | India

ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം നേടിയ ഇന്ത്യൻ ടീം കിരീടം സ്വന്തമാക്കി. നായകനായ സുനിൽ ഛേത്രിയും പ്രധാന സ്‌ട്രൈക്കറായി ഇറങ്ങിയ ലാലിയൻസുവാല ചാങ്‌തെയുമാണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്. നാല് രാഷ്ട്രങ്ങൾ പങ്കെടുത്ത ടൂർണമെന്റിൽ നേടിയ വിജയം ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ്.

കിരീടനേട്ടം എന്നതിലുപരിയായി റാങ്കിങ്ങിൽ തങ്ങളേക്കാൾ മുന്നിൽ നിൽക്കുന്ന ടീമായ ലെബനനു മേൽ ഇന്ത്യ പുലർത്തിയ ആധിപത്യം ശ്രദ്ധേയമായിരുന്നു. മത്സരത്തിൽ രണ്ടു ഗോളുകൾ മാത്രമാണ് നേടിയതെങ്കിലും നിരവധി അവസരങ്ങൾ ഇന്ത്യ തുറന്നെടുത്തു. പ്രതിരോധത്തിൽ വളരെയധികം മികവ് പുലർത്തിയ ഇന്ത്യൻ ടീമിന്റെ പ്രകടനം അത്ഭുതപ്പെടുത്തിയെന്നാണ് ലെബനൻ പരിശീലകനും പറഞ്ഞത്.

“ഇന്ത്യൻ ടീമിന്റെ പ്രകടനം എന്നെ നല്ല രീതിയിൽ തന്നെ വിസ്‌മയിപ്പിച്ച ഒന്നായിരുന്നു. അവർ മുൻകാലങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് തോന്നിയത്. പത്ത് വർഷങ്ങൾക്ക് മുൻപോക്കെ ഇന്ത്യൻ ഫുട്ബോളിനെ കുറിച്ച് ഞങ്ങൾക്ക് പറയാൻ പോലും പോലും കഴിയുമായിരുന്നില്ല.” കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ലെബനൻ പരിശീലകൻ പറഞ്ഞു.

ഈ ടൂർണമെന്റിൽ രണ്ടു തവണയാണ് ഇന്ത്യയും ലെബനനും തമ്മിൽ ഏറ്റുമുട്ടിയത്. ആദ്യത്തെ മത്സരം സമനിലയിൽ പിരിയുകയായിരുന്നെങ്കിലും ഇന്ത്യ മികച്ച പ്രകടനം നടത്തിയിരുന്നു. രണ്ടാമത്തെ മത്സരത്തിൽ വിജയം നേടി കിരീടവും സ്വന്തമാക്കാൻ ടീമിന് കഴിഞ്ഞു. ഇന്ത്യൻ ഫുട്ബോൾ ശരിയായ പാതയിലൂടെ മുന്നോട്ടു പോകുന്നുണ്ടെന്ന് തെളിയിക്കുന്നതാണ് ഇതെല്ലാം.

Lebanon Coach Surprised With India