മെസിക്ക് പകരക്കാരനായി ആരിറങ്ങും, അർജന്റീന ടീമിൽ എട്ടു മാറ്റങ്ങൾ വരെയുണ്ടാകുമെന്ന് സ്‌കലോണി | Argentina

ഇന്റർനാഷണൽ ബ്രേക്കിലെ അവസാനത്തെ മത്സരത്തിനായി അർജന്റീന ഇന്നിറങ്ങുകയാണ്. ഇന്തോനേഷ്യക്കെതിരെ അവരുടെ നാട്ടിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം വൈകുന്നേരം ആറു മണിക്കാണ് നടക്കുന്നത്. അതേസമയം ഇന്തോനേഷ്യൻ ആരാധകരെ നിരാശപ്പെടുത്തി ഇന്നത്തെ മത്സരത്തിൽ ലയണൽ മെസി കളിക്കില്ലെന്നും താരം ടീമിനൊപ്പം പോലുമില്ലെന്നും പരിശീലകനായ സ്‌കലോണി അറിയിച്ചിട്ടുണ്ട്.

മെസി കളിക്കുന്നില്ലെന്നതിനു പുറമെ അർജന്റീന ടീമിൽ ഏഴോ എട്ടോ മാറ്റങ്ങൾ ഉണ്ടാകുമെന്ന് സ്‌കലോണി അറിയിച്ചിട്ടുണ്ട്. എതിരാളികൾ ദുർബലരായതു കൊണ്ടല്ല ഈ മാറ്റമെന്നും മറിച്ച് മറ്റുള്ള താരങ്ങളുടെ പ്രകടനം എത്രത്തോളം മികച്ചതാണെന്ന് പരിശോധിക്കാൻ വേണ്ടിയാണെന്നും സ്‌കലോണി പറഞ്ഞു. ദേശീയ ടീമിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരാൻ ഇതുപോലെയുള്ള മാറ്റങ്ങൾ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

ലയണൽ മെസിക്ക് പകരക്കാരനായി ആരാകും കളിക്കുകയെന്ന ചോദ്യത്തിന് മെസിക്ക് ആരും പകരമാകില്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. മറ്റൊരാളും മെസിക്ക് പകരമാകില്ലെങ്കിലും ടീമിനെക്കൊണ്ട് സ്വാഭാവികമായ പ്രകടനം നടത്തിക്കാനാണ് ശ്രമമെന്നും അതിനു വേണ്ട രീതിയിൽ പരിശീലനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെസിയുടെ പൊസിഷനിൽ മറ്റൊരു കളിക്കാരൻ ഉണ്ടാകുമെന്നും സ്‌കലോണി പറയുന്നു.

വലിയൊരു സീസൺ പൂർത്തിയാക്കി വരുന്നത് കൊണ്ടാണ് മെസിയടക്കം പല താരങ്ങൾക്കും വിശ്രമം നൽകുന്നത്. ടീമിലെ വെറ്ററൻ താരങ്ങളായ ഒട്ടമെന്റി, ഡി മരിയ തുടങ്ങിയവർക്കും വിശ്രമം ഉണ്ടെങ്കിലും അവർ ടീമിനൊപ്പമുണ്ട്. ലയണൽ മെസി പക്ഷെ ടീമിനൊപ്പമില്ല. എന്തായാലും പുതിയ താരങ്ങളെ പരീക്ഷിക്കുകയും പരിചയസമ്പത്ത് നൽകുകയും ചെയ്യുന്നതിലൂടെ മികച്ചൊരു ടീമിനെ സൃഷ്ടിക്കാനാണ് പരിശീലകൻ ഒരുങ്ങുന്നത്.

Scaloni To Make Seven Changes In Argentina Team