മെസിയെത്തിയില്ല, മെസിയുടെ നിഴലായി കളിക്കുന്ന താരത്തെ ബാഴ്‌സലോണയിലെത്തിക്കാൻ സാവി ഒരുങ്ങുന്നു | Xavi

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന് പ്രതീക്ഷിച്ചിരുന്ന ഏവർക്കും ഞെട്ടൽ നൽകിയാണ് താരം ഇന്റർ മിയാമിയിലേക്ക് ചേക്കേറുകയാണെന്നു പ്രഖ്യാപിച്ചത്. തനിക്ക് ബാഴ്‌സലോണയിലെത്താൻ ടീമിലെ താരങ്ങളെ വിൽക്കണമെന്നതു കൊണ്ടാണ് ലയണൽ മെസി അതൊഴിവാക്കുകയും കുടുംബത്തിന്റെ കൂടി താൽപര്യം കൂടി പരിഗണിച്ച് ഇന്റർ മിയാമിയിലേക്ക് ചേക്കേറുകയും ചെയ്‌തത്‌.

ലയണൽ മെസിയെ തിരിച്ചെത്തിക്കുകയെന്ന പദ്ധതി നടപ്പിലായില്ലെങ്കിലും മെസിയുടെ സന്തത സഹചാരിയായ ഒരു താരത്തെ ബാഴ്‌സലോണ പരിശീലകൻ സാവി നോട്ടമിട്ടിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. അർജന്റീന ടീമിലെ പ്രധാനിയും സ്‌പാനിഷ്‌ ക്ലബായ വിയ്യാറയലിൽ കളിച്ചിരുന്ന മധ്യനിര താരമായ ജിയോവാനി ലൊ സെൽസോയാണ് സാവിയുടെ കണ്ണുകളിൽ ഉടക്കി നിൽക്കുന്ന അർജന്റീന താരം.

റിപ്പോർട്ടുകൾ പ്രകാരം സാവിക്ക് വളരെയധികം ഇഷ്‌ടമുള്ള താരമാണ് ജിയോവാനി ലോ സെൽസോ. നിലവിൽ ടോട്ടനം ഹോസ്പേറിന്റെ താരമാണ് ലോ സെൽസോ എങ്കിലും വിയ്യാറയലിൽ ലോണിലാണ് കളിക്കുന്നത്. പ്രീമിയർ ലീഗിൽ തിളങ്ങാൻ കഴിയാതെ പോയ താരത്തിന് സ്പെയിനിലെ ശൈലിയാണ് കൂടുതൽ ചേരുകയെന്നു ഓരോ മത്സരത്തിലും വ്യക്തമാക്കുന്നുണ്ട്.

സ്പെയിനിൽ മികച്ച പ്രകടനം നടത്തുന്ന ലോ സെൽസോയെ പക്ഷെ അത്രയെളുപ്പത്തിൽ സ്വന്തമാക്കാൻ ബാഴ്‌സയ്ക്ക് കഴിയില്ല. താരത്തിനായി അറുപതു മില്യൺ യൂറോയുടെ റിലീസിംഗ് ക്ലോസുണ്ടെന്നതാണ് സ്വന്തമാക്കാനുള്ള പ്രധാന തടസം. പരിക്ക് കാരണം കഴിഞ്ഞ ലോകകപ്പിൽ കളിക്കാതിരുന്ന താരം അതിനു ശേഷം മികച്ച പ്രകടനമാണ് ക്ലബ് തലത്തിൽ നടത്തുന്നത്.

Xavi Want Lo Celso At Barcelona