ഐഎസ്എല്ലിൽ കളിക്കാൻ ഇനിയേസ്റ്റ തയ്യാറായിരുന്നു, തടസമായത് ഒരേയൊരു കാര്യം മാത്രം | Iniesta
ഇന്ത്യ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാണ് മോഹൻ ബഗാൻ. ഐഎസ്എൽ തുടങ്ങിയ സമയത്ത് അതിൽ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് എടികെ കൊൽക്കത്തയിൽ ലയിച്ച ക്ലബ് ഇപ്പോൾ മോഹൻ ബഗാൻ സൂപ്പർ ജയൻറ്സ് എന്ന പേരിലാണ് കളിക്കുന്നത്. കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കിയ അവർ കൂടുതൽ കരുത്തോടെയാണ് ഈ സീസണിൽ ഇറങ്ങുന്നത്. ഇതുവരെ ഐഎസ്എല്ലിൽ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച അവർ തന്നെയാണ് ഈ സീസണിൽ കിരീടസാധ്യത കൂടുതലുള്ള ടീം.
ഐഎസ്എല്ലിലെ തന്നെ ഏറ്റവും വമ്പൻ ട്രാൻസ്ഫറുകളിൽ ഒന്നിന് മോഹൻ ബഗാൻ ശ്രമം നടത്തിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യൻ ഫുട്ബോളുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങൾ പുറത്തു വിടുന്ന ടൈംസ് ഓഫ് ഇന്ത്യയുടെ ജേർണലിസ്റ്റായ മാർക്കസ് മെർഗുലാവോ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ബാഴ്സലോണയുടെയും സ്പെയിനിന്റെയും ഇതിഹാസതാരമായ ആന്ദ്രെസ് ഇനിയേസ്റ്റക്ക് വേണ്ടിയാണ് അവർ ശ്രമം നടത്തിയത്.
🚨| TRANSFER SECRETS 🕵️♂️ : Mohun Bagan Super Giant were contacted by FC Barcelona Legend, Andreas Iniesta’s entourage for a possible deal; the club turned down the offer due to high asking salary of approx. ₹ 66 crores (8 million USD) [@MarcusMergulhao] 👀🤑#IndianFootball pic.twitter.com/cm3V051Im2
— 90ndstoppage (@90ndstoppage) November 13, 2023
മാർക്കസ് മെർഗുലാവോ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ജാപ്പനീസ് ക്ലബായ വിസൽ കൊബെയുമായുള്ള കരാർ അവസാനിച്ചതിനു പിന്നാലെ ഇനിയേസ്റ്റയുടെ പ്രതിനിധികളും മോഹൻ ബഗാന്റെ പ്രതിനിധികളും തമ്മിൽ ചർച്ചകൾ നടന്നിരുന്നു. മോഹൻ ബഗാനു വേണ്ടി കളിക്കാനുള്ള താൽപര്യം ആദ്യം വന്നത് താരത്തിന്റെ ഭാഗത്തു നിന്നു തന്നെയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ താരത്തിന്റെ പ്രതിഫലത്തുക അറിഞ്ഞപ്പോൾ മോഹൻ ബഗാൻ അതിൽ നിന്നും പിന്മാറുകയായിരുന്നു.
The agents of Barcelona and Spain legend, Iniesta contacted Mohun Bagan for a transfer. The asked salary of USD 8 million became the issue and the club respectfully REJECTED the transfer!!
WE ARE THE BIGGEST TEAM IN ASIA!!!🟢🔴#JoyMohunBagan pic.twitter.com/S245njUrRv
— Sayak (@MainSayakHoon) November 13, 2023
മാർക്കസ് പറയുന്നത് പ്രകാരം അറുപത്തിയാറു കോടി രൂപയാണ് ഒരു സീസണിൽ ഐഎസ്എല്ലിൽ കളിക്കാൻ വേണ്ടി ഇനിയേസ്റ്റ ആവശ്യപ്പെട്ടത്. താരത്തിന്റെ ആവശ്യം അറിഞ്ഞപ്പോൾ തന്നെ മോഹൻ ബഗാൻ അതിൽ നിന്നും പിൻമാറുകയായിരുന്നു. ഒരു ചിരിയോടെ അവർ അതിൽ നിന്നും പിന്മാറിയെന്നാണ് മെർഗുലാവോ കുറിച്ചത്. മോഹൻ ബഗാന് അടക്കം ഐഎസ്എല്ലിലെ ഒട്ടുമിക്ക ക്ലബുകളുടെയും ആകെ മൂല്യത്തേക്കാൾ കൂടുതലാണ് ഇനിയേസ്റ്റ ആവശ്യപ്പെട്ട പ്രതിഫലം.
ജാപ്പനീസ് ക്ലബ് വിട്ട് ഇനിയേസ്റ്റ നിലവിൽ യുഎഇ ക്ലബായ എമിറേറ്റ്സിനു വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ആറു മത്സരങ്ങളിൽ നിന്നും രണ്ടു ഗോളുകൾ ടീമിനായി നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മുപ്പത്തിയൊമ്പതു വയസുള്ള താരം ഇപ്പോഴും മികച്ച ഫോമിലാണ് കളിക്കുന്നതെന്നിരിക്കെ ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തിയിരുന്നെങ്കിൽ ആരാധകർക്ക് അതൊരു വിരുന്നാകുമായിരുന്നു. എന്നാൽ താരത്തിന്റെ പ്രതിഫലം ആർക്കും നൽകാൻ കഴിയാത്തതാണ്.
Iniesta Agents Contacted Mohun Bagan