മിന്നും ഫോമിലുള്ള അർജന്റീന താരത്തെ ഇറ്റലി റാഞ്ചാൻ സാധ്യത, പരിശീലകനുമായി സംസാരിക്കുമെന്ന് താരം | Argentina

പ്രതിഭയുള്ള താരങ്ങളെ റാഞ്ചാൻ ക്ലബുകൾ മാത്രമല്ല, ദേശീയ ടീമുകളും ഇപ്പോൾ രംഗത്തു വരുന്നുണ്ട്. സ്പെയിൻ ദേശീയ ടീമിൽ കളിക്കാൻ കഴിയുമായിരുന്ന അലസാൻഡ്രോ ഗർനാച്ചോയെ അർജന്റീന ടീം റാഞ്ചിയത് അതിനൊരു ഉദാഹരണമാണ്. അതിനു പിന്നാലെ അർജന്റീന താരമായിരുന്ന മാറ്റിയോ റെറ്റെഗുയിയെ ഇറ്റാലിയൻ ദേശീയ ടീമും തങ്ങളുടെ തട്ടകത്തിൽ എത്തിച്ചിരുന്നു. താരങ്ങളുടെ ഇരട്ട പൗരത്വത്തിനുള്ള സാധ്യത മുതലെടുത്താണ് ദേശീയ ടീമുകൾ ഇവരെ റാഞ്ചുന്നത്.

ഇപ്പോൾ അർജന്റീനയുടെ മറ്റൊരു താരത്തെക്കൂടി റാഞ്ചാൻ ഇറ്റലി ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറ്റലിയിലെ വമ്പൻ ടീമുകളിൽ ഒന്നായ യുവന്റസിന്റെ താരമായ മാറ്റിയാസ് സൂളെയെ സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് അസൂറികൾ നടത്തുന്നത്. നിലവിൽ മറ്റൊരു സീരി എ ക്ലബായ ഫ്രോസിനോണിൽ ലോണിൽ കളിച്ചു കൊണ്ടിരിക്കുന്ന താരം മികച്ച ഫോമിലാണെന്നത് പരിഗണിച്ചാണ് ഇറ്റലിയുടെ പരിശീലകൻ സ്‌പല്ലെറ്റി സൂളെയെ റാഞ്ചാൻ ശ്രമിക്കുന്നത്.

ഇരുപത് വയസ് മാത്രം പ്രായമുള്ള സൂളെ മധ്യനിര താരമാണെങ്കിലും നിലവിൽ മുന്നേറ്റനിരയിൽ വിങ്ങറായാണ് കളിക്കുന്നത്. ഈ സീസണിൽ ആറു മത്സരങ്ങളിൽ കളിച്ച താരം രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി. അഞ്ചു വമ്പൻ അവസരങ്ങൾ സൃഷ്‌ടിച്ച താരം രണ്ടു തവണ സീരി എ ടീം ഓഫ് ദി വീക്കിൽ ഇടം നേടിയിരുന്നു. കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതോടെ കൂടുതൽ മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിയുമെന്നിരിക്കെയാണ് ഇറ്റലി റാഞ്ചാനുള്ള നീക്കങ്ങൾ നടത്തുന്നത്.

ഇറ്റലിയിലേക്ക് ചേക്കാറാനുള്ള സാധ്യതകളെക്കുറിച്ച് കഴിഞ്ഞ ദിവസം സൂളെയോട് ചോദിച്ചപ്പോൾ അതിനെ നിഷേധിക്കാൻ താരം തയ്യാറായില്ല. ഇറ്റലിയെയാണോ അർജന്റീനയെയാണോ വേണ്ടതെന്ന കാര്യത്തിൽ താൻ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അത് അത്രയെളുപ്പം സാധിക്കുന്ന കാര്യമല്ലെന്നും താരം വ്യക്തമാക്കി. ഇറ്റലിയുടെ പരിശീലകൻ സ്‌പല്ലെറ്റിയോട് സംസാരിക്കുമെന്നും കൂടുതൽ മത്സരങ്ങൾ കളിക്കാൻ തുടങ്ങിയിട്ടേയുള്ളൂ എന്നതിനാൽ ഇപ്പോൾ തീരുമാനം ഉണ്ടാകില്ലെന്നും താരം വ്യക്തമാക്കി.

അമ്മ വഴി ഇറ്റലിയിൽ വേരുകളുള്ള താരമാണ് സൂളെയെങ്കിലും അർജന്റീനയിലാണ് യൂത്ത് കരിയർ ആരംഭിക്കുന്നത്. അർജന്റീന ക്ളബുകളായ അത്ലറ്റികോ കിംബർലിയിലും വെലസ് സാർസ്‌ഫീൽഡിലുമായി ഒരു പതിറ്റാണ്ടിലധികം ഉണ്ടായിരുന്ന താരം 2020ലാണ് യുവന്റസിൽ എത്തുന്നത്. അർജന്റീനയുടെ അണ്ടർ 16, അണ്ടർ 20, അണ്ടർ 21 ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരം അർജന്റീന ദേശീയ ടീമിനെ തന്നെ പരിഗണിക്കുമെന്ന വിശ്വാസത്തിലാണ് ആരാധകർ.

Italy Have Eyes On Argentina Player Matias Soule