സ്വന്തം മൈതാനത്ത് മെഴുകിയ മുംബൈക്കു മറുപണി വരുന്നു, തിരിച്ചടി നൽകാനുള്ള പദ്ധതിയുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ | Kerala Blasters

മുംബൈ സിറ്റിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ മുംബൈയുടെ മൈതാനത്ത് നടന്ന മത്സരം സംഭവബഹുലമായ ഒന്നായിരുന്നു. പ്രതീക്ഷിച്ചതിനു വിരുദ്ധമായി കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം നടത്തിയ മത്സരത്തിൽ ഗോൾകീപ്പർ സച്ചിൻ സുരേഷും പ്രതിരോധതാരം പ്രീതം കോട്ടാലും വരുത്തിയ പിഴവുകളാണ് കേരള ബ്ലാസ്റ്റേഴ്‌സിന് വിനയായത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മുംബൈ സിറ്റി കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ വിജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ അവസാന മിനുട്ടുകൾ സംഘർഷം മുറ്റി നിന്ന സാഹചര്യത്തിലാണ് നടന്നത്. സമയം വൈകിപ്പിക്കാൻ വേണ്ടി മുംബൈ സിറ്റി താരങ്ങൾ പരിക്ക് അഭിനയിച്ചു കിടന്നപ്പോൾ അതിനോട് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ രൂക്ഷമായ രീതിയിൽ പ്രതികരിച്ചത് ഉന്തിനും തള്ളിനുമെല്ലാം കാരണമായി. അതിന്റെ അനന്തിരഫലമായി മത്സരം അവസാനിക്കുന്നതിനു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സിന്റെയും മുംബൈ സിറ്റിയുടെയും ഓരോ താരങ്ങൾക്ക് ചുവപ്പുകാർഡ് ലഭിക്കുകയും ചെയ്‌തിരുന്നു.

മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെതിരെ മുംബൈ സിറ്റി ആരാധകർ രൂക്ഷമായ ഭാഷയിലുള്ള ചാന്റുകൾ നടത്തിയിരുന്നു. മുംബൈ സിറ്റി കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൈതാനത്ത് കളിക്കാനെത്തുന്ന ദിവസം ഇതിനെല്ലാം മറുപടി നൽകാനുള്ള പദ്ധതിയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ. മുംബൈ സിറ്റിയെയും അവരുടെ പ്രധാന താരങ്ങളായ പെരേര ഡയസ്, റോസ്റ്റിൻ ഗ്രിഫിത്ത്‌സ് എന്നിവരെയെല്ലാം ഏതു രീതിയിൽ സ്വീകരിക്കണം എന്ന കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിശ്ചയമുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം മുംബൈ സിറ്റി കലൂർ സ്റ്റേഡിയത്തിൽ എത്തുന്നതു മുതൽ അവർക്കെതിരെയും ടീമിലെ താരങ്ങൾക്കെതിരെയും രൂക്ഷമായ ചാന്റുകൾ മുഴക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഉദ്ദേശിക്കുന്നത്. മത്സരം അവസാനിക്കുന്നത് വരെ അത് തുടർന്നു കൊണ്ടിരുന്നു. അതിനു പുറമെ മുംബൈ സിറ്റി താരം ഗ്രിഫിത്ത്‌സ് അപമാനിച്ച പ്രബീർ ദാസിന്റെ മുഖംമൂടികൾ അണിയാനുള്ള പദ്ധതിയും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ പദ്ധതിയിടുന്നു.

മുംബൈ സിറ്റിയുടെ മൈതാനത്തു നിന്നും തങ്ങൾ നേരിട്ടത് വലിയ രീതിയിലുള്ള അപമാനമാണ് എന്നാണു കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്. മത്സരം വിജയിക്കാൻ എന്ത് അടവും പ്രയോഗിക്കുന്ന മുംബൈ സിറ്റിക്കെതിരെ അതെ നാണയത്തിൽ തന്നെ മറുപടി നൽകാനാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഉദ്ദേശിക്കുന്നത്. എന്തായാലും കൊച്ചിയിലെ മൈതാനം ഡിസംബർ ഇരുപത്തിനാലിനു വലിയൊരു പോരാട്ടത്തിനാണ് സാക്ഷ്യം കുറിക്കുകയെന്നാണ് കരുതേണ്ടത്.

Kerala Blasters Fans Plans Revenge On Mumbai City FC