കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ബൂട്ടു കെട്ടാൻ കൊതിയോടെ കാത്തിരിക്കുന്ന നിരവധി സൂപ്പർതാരങ്ങളുണ്ട്, വെളിപ്പെടുത്തലുമായി ബ്ലാസ്റ്റേഴ്‌സ് താരം | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാൻ തുടങ്ങി പത്താമത്തെ സീസണിലേക്ക് ചുവടു വെച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ഒരു കിരീടം പോലും നേടിയിട്ടില്ലെങ്കിലും ഒരു ക്ലബെന്ന നിലയിൽ നിഷേധിക്കാൻ കഴിയാത്ത ശക്തിയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്ലബുകളിലൊന്ന് എന്ന ഖ്യാതി നേടിയെടുക്കാൻ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സഹായിച്ചത് അവരുടെ ആരാധകരാണ്. മറ്റൊരു ടീമിനും അവകാശപ്പെടാൻ കഴിയാത്ത ആരാധകപിന്തുണയാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓരോ മത്സരം ഹോം ഗ്രൗണ്ടിൽ നടക്കുമ്പോഴും സ്റ്റേഡിയം നിറഞ്ഞു കവിയുന്ന തരത്തിലാണ് ആരാധകർ എത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സ് തുടക്കം കുറിച്ചത് മുതൽ ഈ ആരാധക പിന്തുണ ലഭിക്കുന്നുണ്ട്. ഓരോ സീസൺ കഴിയുന്തോറും കൂടുതൽ സംഘടിതമായ രീതിയിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടം മാറിക്കൊണ്ടിരിക്കുന്നു. എതിരാളികളുടെ മൈതാനത്തു പോലും അവർക്ക് ആധിപത്യം സ്ഥാപിക്കാൻ കഴിയുന്നുണ്ട്.

ഈ ആരാധകപിന്തുണയും സ്റ്റേഡിയത്തിലെ വിസ്ഫോടനാത്മകമായ അന്തരീക്ഷവും കാരണം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ കളിക്കാനുള്ള ആഗ്രഹം നിരവധി താരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ബ്രസീലിയൻ താരമായ മാഴ്‌സലിന്യോ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുള്ളതാണ്. അതിനു പുറമെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഫർ വന്നാൽ പല താരങ്ങളും രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നതും ഇക്കാരണം കൊണ്ട് തന്നെയാണ്. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് താരം കെപി രാഹുലും ഇക്കാര്യം വെളിപ്പെടുത്തുകയുണ്ടായി.

“കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകരുള്ളത്. കേരള ബ്ലാസ്‌റ്റേഴ്‌സിനെ പോലെയൊരു ക്ലബിൽ കളിക്കാൻ കഴിയുന്നത് വളരെ മനോഹരമായൊരു കാര്യമാണ്. ഈ ക്ലബിനൊപ്പം കളിക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷവാനാണെന്ന് പ്രത്യേകം പറയുന്നു. ഒരുപാട് താരങ്ങൾ ഈ ക്ലബിൽ കളിക്കുന്നതിനു വേണ്ടി ആഗ്രഹിച്ചു കാത്തിരിക്കുന്നുണ്ട്.” കഴിഞ്ഞ ദിവസം ദിസ് ഈസ് നോട്ട് പോഡ്‌കാസ്റ്റ് എന്ന യുട്യൂബ് ചാനലിൽ സംസാരിക്കുമ്പോൾ കെപി രാഹുൽ പറഞ്ഞു.

ഇന്ത്യൻ ദേശീയ ടീമിനൊപ്പം ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കേണ്ടി വന്നതിനാൽ രാഹുൽ കേരള ബ്ലാസ്റ്റേഴ്‌സിനായി ആദ്യത്തെ രണ്ടു മത്സരങ്ങളിൽ കളിച്ചിരുന്നില്ല. മുംബൈ സിറ്റിക്കെതിരെ പകരക്കാരനായാണ് താരം ഈ സീസണിൽ ആദ്യമായി ഇറങ്ങുന്നത്. നിരവധി താരങ്ങൾ പരിക്കേറ്റു പുറത്തു പോയതിന്റെ തിരിച്ചടി നേരിടുന്നതിനിടെ രാഹുൽ തിരിച്ചു വന്നത് ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷയാണ്. ഇനി ഒക്ടോബർ ഇരുപത്തിയൊന്നിനാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Many Players Craving To Play For Kerala Blasters