മെസിയും ഡി മരിയയുമുണ്ടാകില്ല, അർജന്റീന മുന്നേറ്റനിരയിൽ പുതിയൊരു പരീക്ഷണം നടക്കും | Argentina

ഖത്തർ ലോകകപ്പിൽ ഐതിഹാസികമായ രീതിയിൽ കിരീടം സ്വന്തമാക്കിയ അർജന്റീന ടീം അടുത്ത ലോകകപ്പിന് യോഗ്യത നേടാൻ വേണ്ടിയുള്ള മത്സരത്തിനായി നാളെ ഇറങ്ങുകയാണ്. നാളെ പുലർച്ചെ നടക്കുന്ന മത്സരത്തിൽ പാരഗ്വായ് ആണ് അർജന്റീനയുടെ എതിരാളികൾ. കഴിഞ്ഞ മാസം നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അർജന്റീന വിജയം സ്വന്തമാക്കിയിരുന്നു. ഇക്വഡോർ, ബൊളീവിയ എന്നീ ടീമുകളെയാണ് അർജന്റീന ആദ്യത്തെ രണ്ടു മത്സരങ്ങളിൽ കീഴടക്കിയത്.

അതേസമയം നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ ടീമിലെ സൂപ്പർതാരവും നായകനുമായ ലയണൽ മെസി ആദ്യ ഇലവനിൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം ഇക്വഡോറിനെതിരെ നടന്ന മത്സരത്തിനിടെ പരിക്കേറ്റ ലയണൽ മെസി അതിനു ശേഷം കൃത്യമായി കളിക്കളത്തിൽ ഇറങ്ങിയിട്ടില്ല. ഫിറ്റ്നസ് പ്രശ്‌നങ്ങൾ കാരണം ഇന്റർ മിയാമിക്ക് വേണ്ടി രണ്ടു മത്സരങ്ങളിൽ മുപ്പതോളം മിനുട്ടുകൾ മാത്രമാണ് ലയണൽ മെസി അതിനു ശേഷം കളിച്ചിരിക്കുന്നത്.

ലയണൽ മെസി ആദ്യ ഇലവനിൽ ഉണ്ടാകില്ലെന്നതിനു പുറമെ പരിക്കേറ്റ ഡി മരിയ അർജന്റീന ടീമിലില്ല. അതുകൊണ്ടു തന്നെ മുന്നേറ്റനിരയിൽ പുതിയൊരു സഖ്യത്തെ പരീക്ഷിക്കാൻ ലയണൽ സ്‌കലോണി ഒരുങ്ങുകയാണ്. റിപ്പോർട്ടുകൾ പ്രകാരം അർജന്റീന ടീമിനെ പ്രധാന സ്‌ട്രൈക്കർമാരായ ജൂലിയൻ അൽവാരസും ലൗടാരോ മാർട്ടിനസുമാണ് മുന്നേറ്റനിരയിൽ ഉണ്ടാവുക. ലയണൽ മെസി രണ്ടാം പകുതിയിൽ പകരക്കാരനായി കളിക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ടീമിന്റെ പ്രധാന സ്‌ട്രൈക്കർമാരായ ലൗടാരോ മാർട്ടിനസിനും ജൂലിയൻ അൽവാരസിനും ഒരുമിച്ച് കളിക്കാൻ കഴിയുമെന്ന് പരിശീലകനായ സ്‌കലോണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഖത്തർ ലോകകപ്പിൽ ലൗടാരോ മാർട്ടിനസ് മോശം ഫോമിലേക്ക് വീണപ്പോൾ പകരക്കാരനായി ഇടം നേടി പിന്നീട് ടീമിലെ സ്ഥിരസാന്നിധ്യമായി മാറിയ താരമാണ് അൽവാരസ്. ലോകകപ്പിൽ നാല് ഗോളുകൾ നേടിയ താരം ടീമിന്റെ കിരീടനേട്ടത്തിൽ നിർണായകമായ പങ്കു വഹിച്ചിരുന്നു.

ഈ രണ്ടു താരങ്ങളും ഈ സീസണിൽ മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. അൽവാരസ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഈ സീസണിൽ ആറു ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കി. ഇതിൽ മൂന്നു ഗോളുകളും പിറന്നത് യുവേഫ ചാമ്പ്യൻസ് ലീഗിലായിരുന്നു. അതേസമയം ലൗടാരോ മാർട്ടിനസ് സീരി എയിലെ പത്ത് ഗോളുകൾ അടക്കം പതിനൊന്നു തവണ ഈ സീസണിൽ വല കുലുക്കി. ഈ താരങ്ങൾ തങ്ങളുടെ ഫോം ആവർത്തിച്ചാൽ അർജന്റീനക്ക് രണ്ടു മത്സരങ്ങളിലും വിജയം എളുപ്പമാകും.

Messi Will Come From Bench For Argentina Against Paraguay