ഐഎസ്എൽ കിരീടം നേടിയാൽ മാഞ്ചസ്റ്റർ സിറ്റി താരത്തെപ്പോലെ ആഘോഷിക്കും, ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം പറയുന്നു | Rahul KP

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ഒൻപതു സീസണുകളിലും ഒരു കിരീടം പോലും നേടാൻ കഴിയാതിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മറ്റൊരു സീസണിലേക്ക് പ്രതീക്ഷയോടെ ഇറങ്ങിയിട്ടുണ്ട്. ഇതുവരെ മൂന്നു മത്സരങ്ങൾ കഴിഞ്ഞപ്പോൾ അതിൽ സ്വന്തം മൈതാനത്തു നടന്ന ആദ്യത്തെ രണ്ടെണ്ണത്തിലും വിജയം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് ദൗർഭാഗ്യവും സ്വന്തം ടീമിലെ താരങ്ങൾ വരുത്തിയ പിഴവും കാരണമാണ് മുംബൈ സിറ്റിക്കെതിരായ മൂന്നാമത്തെ മത്സരത്തിൽ തോൽവി വഴങ്ങിയത്.

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി ഭേദപ്പെട്ട സ്‌ക്വാഡാണ് കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്. ടീമിലേക്ക് വിദേശതാരങ്ങൾ എത്തിയത് വളരെ വൈകിയാണെങ്കിലും അവരെല്ലാം ഒത്തിണക്കത്തോടെ കളിക്കുന്നുണ്ടെന്നത് പ്രതീക്ഷയാണ്. ജാപ്പനീസ് താരമായ ഡൈസുകെ, പ്രതിരോധതാരം ഡ്രിങ്കിച്ച് എന്നിവരെല്ലാം ടീമുമായി ഒത്തിണക്കത്തോടെ കളിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ സീസണിൽ മുന്നോട്ടു പോകാമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.

അതിനിടയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ വിജയിച്ചാൽ കുറച്ച് ഓവറായി തന്നെ ആഘോഷിക്കുമെന്നാണ് ടീമിലെ മലയാളി മുന്നേറ്റനിര താരമായ രാഹുൽ കെപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റി ട്രെബിൾ കിരീടങ്ങൾ നേടിയപ്പോൾ ടീമിലെ താരമായ ജാക്ക് ഗ്രീലിഷ് മദ്യപിച്ച് ഉന്മാദാവസ്ഥയിലാണ് അതിന്റെ ആഘോഷങ്ങൾ നടത്തിയത്. സമാനമായ രീതിയിൽ തന്നെയും കാണാൻ സാധ്യതയുണ്ടെന്നാണു രാഹുൽ കെപി പറയുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ വിജയിക്കുകയും അതിൽ തനിക്ക് ഗോൾ നേടാൻ കഴിയുകയും ചെയ്‌താൽ അത് അണ്ടർ 17 ലോകകപ്പിനെക്കാൾ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായി മാറുമെന്നാണ് രാഹുൽ കെപി പറയുന്നത്. ക്രിക്കറ്റും ഫുട്ബോളും തമ്മിൽ പ്രതിഫലത്തിന്റെ കാര്യത്തിലുള്ള വ്യത്യാസവും താരം ചൂണ്ടിക്കാട്ടി. ഫുട്ബോൾ താരം തന്റെ കരിയറിൽ സമ്പാദിക്കുന്നത് ക്രിക്കറ്റർ ഒരു സീസണിൽ സമ്പാദിക്കുന്നുണ്ടെന്നാണ് രാഹുൽ വ്യക്തമാക്കുന്നത്.

ഇരുപത്തിമൂന്നു വയസുള്ള രാഹുൽ കെപി 2019 മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് താരമാണ്. കൂടുതലും ടീമിനായി പകരക്കാരനായി ഇറങ്ങിയ താരം ഇതുവരെ 52 മത്സരങ്ങളിൽ നിന്നും ഏഴു ഗോളുകൾ നേടിയിട്ടുണ്ട്. ഇന്ത്യയുടെ അണ്ടർ 17, അണ്ടർ 20, അണ്ടർ 23, സീനിയർ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരം ഈ സീസണിൽ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ ഇറങ്ങിയിരുന്നില്ല. ഇന്ത്യൻ ടീമിനൊപ്പം ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത താരം മുംബൈ സിറ്റിക്കൊപ്പം കഴിഞ്ഞ മത്സരത്തിലാണ് ഇറങ്ങിയത്.

Rahul KP Hopes Kerala Blasters Win ISL