ബാഴ്‌സലോണയേയും സൗദി അറേബ്യയെയും പരിഗണിക്കാൻ ഉദ്ദേശമില്ല, തന്റെ പദ്ധതികൾ കൃത്യമായി തീരുമാനിച്ച് ലയണൽ മെസി | Messi

ഇന്റർ മിയാമിക്കൊപ്പമുള്ള ലയണൽ മെസിയുടെ സീസൺ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. അമേരിക്കൻ ക്ലബിൽ അർജന്റീന നായകൻ എത്തിയതിനു ശേഷം ടീം മികച്ച പ്രകടനം നടത്താൻ ആരംഭിച്ചെങ്കിലും പിന്നീട് മെസിക്ക് പരിക്ക് പറ്റിയത് അവർക്കു തിരിച്ചടിയായി. മെസി കളിച്ചിരുന്നപ്പോൾ ഒരു കിരീടം സ്വന്തമാക്കിയ ഇന്റർ മിയാമി താരത്തിന് പരിക്കേറ്റു പുറത്തു പോയ സമയത്ത് ഒരു ഫൈനലിൽ തോൽക്കുകയും എംഎൽഎസ് പ്ലേ ഓഫിൽ നിന്നും പുറത്താവുകയും ചെയ്‌തു.

ഇന്റർ മിയാമി പ്ലേ ഓഫിൽ നിന്നും പുറത്തായതോടെ എംഎൽഎസിന്റെ ഈ സീസണിൽ ലയണൽ മെസിക്ക് കളിക്കാൻ പ്രധാനപ്പെട്ട മത്സരങ്ങളൊന്നും ബാക്കിയില്ല. ഇനി ഫെബ്രുവരിയിലാണ് പുതിയ സീസൺ ആരംഭിക്കുക എന്നിരിക്കെ ലയണൽ മെസിയുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. താരം ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുമെന്നും സൗദി അറേബ്യ മെസിക്ക് വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും വിവിധ യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി.

എന്നാൽ ലയണൽ മെസിയുടെ ശ്രദ്ധ ഇന്റർ മിയാമിയിലും അർജന്റീന ടീമിലും മാത്രമാണെന്നാണ് കഴിഞ്ഞ ദിവസം ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തിയത്. ബാഴ്‌സലോണയിൽ നിന്നും സൗദി അറേബ്യയിൽ നിന്നും താരത്തിന് ഓഫറുകൾ ഉണ്ടോയെന്ന കാര്യം അറിയില്ലെന്നും ഉണ്ടെങ്കിലും മെസി അത് പരിഗണിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നിലവിൽ അർജന്റീനക്കൊപ്പമുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മാത്രമാണ് മെസിയുടെ ശ്രദ്ധ.

ഒക്ടോബറിൽ അർജന്റീനക്കൊപ്പം മെസിക്ക് രണ്ടു മത്സരങ്ങളുണ്ട്. പാരഗ്വായ്, പെറു എന്നീ ടീമുകളാണ് എതിരാളികൾ. അതിനു ശേഷം ഈ മാസം തന്നെ ഇന്റർ മിയാമിക്കൊപ്പം ഷാർലറ്റ് എഫ്‌സിയെയും ലയണൽ മെസി നേരിടും. നവംബറിൽ അർജന്റീനക്കൊപ്പം വളരെ പ്രധാനപ്പെട്ട രണ്ടു മത്സരങ്ങൾ മെസിക്ക് കളിക്കാനുണ്ട്. ലോകകപ്പ് യോഗ്യത മത്സരത്തിൽ യുറുഗ്വായ്, ബ്രസീൽ എന്നീ ടീമുകളാണ് അർജന്റീനയുടെ എതിരാളികൾ. അതിനു ശേഷം ഇന്റർ മിയാമിക്കൊപ്പം ഏഷ്യൻ ടൂറിൽ താരം പങ്കെടുക്കും.

ഡിസംബറിൽ ലയണൽ മെസിയുടെ അഞ്ചാഴ്‌ചത്തെ ഒഴിവുകാലം ആരംഭിക്കും. അതിനു ശേഷം ജനുവരിയിൽ ഇന്റർ മിയാക്കിക്കൊപ്പമുള്ള പ്രീ സീസൺ ആരംഭിക്കാനാണ് മെസിയുടെ തീരുമാനം. ഫെബ്രുവരിയോടെ അമേരിക്കൻ ലീഗിലെ പുതിയ സീസൺ തുടങ്ങുന്നതിനാൽ അതിൽ ലയണൽ മെസി പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇതെല്ലാമാണ് ലയണൽ മെസിയുടെ പദ്ധതികൾ. മറ്റൊരു ക്ലബിലേക്കും ചേക്കേറുന്ന കാര്യം താരത്തിന്റെ പരിഗണനയിൽ ഇല്ല.

Messi Only Focus Argentina And Inter Miami