മെസിയെപ്പോലെ ലോകകപ്പ് സ്വന്തമാക്കണം, അവിശ്വസനീയമായ തീരുമാനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ | Ronaldo

ഫുട്ബോൾ ലോകത്ത് ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന തർക്കമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ലയണൽ മെസിയാണോ ഏറ്റവും മികച്ചതെന്ന്. ഓരോരുത്തരും അവരുടേതായ അഭിപ്രായങ്ങൾ ഇക്കാര്യത്തിൽ പ്രകടിപ്പിക്കുകയുണ്ടായെങ്കിലും അതിൽ വ്യക്തമായൊരു തീരുമാനമൊന്നും വന്നിരുന്നില്ല. എന്നാൽ ലയണൽ മെസി ലോകകപ്പ് നേടിയതോടെ മെസി തന്നെയാണ് മികച്ച താരമെന്നു കടുത്ത റൊണാൾഡോ ആരാധകർ പോലും സമ്മതിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറുകയുണ്ടായി.

കഴിഞ്ഞ ലോകകപ്പിൽ ഒരു ശരാശരി ടീമിനെ വെച്ച് മെസി അത്ഭുതങ്ങൾ കാണിച്ച് കിരീടം നേടിയപ്പോൾ റൊണാൾഡോ മോശം പ്രകടനമാണ് ടൂർണമെന്റിൽ നടത്തിയത്. ലോകകപ്പ് നേടാൻ കഴിയുന്ന തരത്തിൽ കരുത്തുറ്റ ഒരു സ്‌ക്വാഡ് ഉണ്ടായിരുന്നെങ്കിലും അതിനെ മുന്നിൽ നിന്നു നയിക്കാൻ റൊണാൾഡോക്ക് കഴിഞ്ഞില്ല. ആകെ ഒരു ഗോൾ മാത്രം നേടിയ താരം നോക്ക്ഔട്ട് ഘട്ടത്തിലെ രണ്ടു മത്സരങ്ങളിലും പകരക്കാരനായാണ് ഇറങ്ങിയത്.

എന്നാൽ നിരാശപ്പെടുത്തുന്ന സാഹചര്യങ്ങളിൽ നിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയർന്നു വന്ന ചരിത്രം റൊണാൾഡോക്ക് അവകാശപ്പെടാനുണ്ട്. അതുകൊണ്ടു തന്നെ ഇക്കഴിഞ്ഞ ലോകകപ്പിലെ നിരാശയെ മറന്നു പുതിയൊരു ലക്ഷ്യവുമായി റൊണാൾഡോ മുന്നോട്ടു പോവുകയാണ്. 38 വയസുള്ള റൊണാൾഡോ ഇനിയൊരു ലോകകപ്പ് കളിക്കില്ലെന്നാണ് ഏവരും കരുതിയതെങ്കിലും അടുത്ത ലോകകപ്പ് കളിക്കാൻ ഉറപ്പിച്ചു തന്നെയാണ് താരം മുന്നോട്ടു പോകുന്നത്.

സൗദിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം തന്റെ കരിയർ അൽ നസ്റിൽ അവസാനിപ്പിക്കാനാണ് റൊണാൾഡോ ഉദ്ദേശിക്കുന്നത്. ഇതിനായി 2027 വരെ തന്റെ കരാർ പുതുക്കണമെന്നാണ് താരം ക്ലബിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2026ലെ ലോകകപ്പിൽ പോർചുഗലിനോടൊപ്പം പങ്കെടുത്ത് അതിനു ശേഷം വിരമിക്കാനുള്ള പദ്ധതിയാണ് താരത്തിന്റേത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മുപ്പത്തിയെട്ടു വയസായെങ്കിലും യാതൊരു വിധത്തിലുള്ള ഫിറ്റ്നസ് പ്രശ്‌നങ്ങളും ഇല്ലാത്ത താരമാണ് റൊണാൾഡോ. ഇപ്പോഴും മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നുണ്ട്. റൊണാൾഡോയെ സംബന്ധിച്ച് പരിക്കിന്റെ പ്രശ്‌നങ്ങൾ ഇല്ലാതെ ഇതുപോലെ തന്നെ തുടർന്നാൽ തന്റെ ആഗ്രഹങ്ങൾ നേടിയെടുക്കാൻ കഴിയും. അതിനു കഴിയുന്ന മികച്ച താരങ്ങളുള്ള സ്‌ക്വാഡാണ് പോർചുഗലിന്റെത്. അടുത്ത യൂറോ കപ്പും ലോകകപ്പും നേടിയാൽ മെസിയെക്കാൾ ഉയരത്തിലേക്കെത്താൻ താരത്തിന് കഴിയുകയും ചെയ്യും.

Ronaldo Has Plans To Play 2026 World Cup