ഇവാൻ കലിയുഷ്‌നി കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് വിട്ടു, ഇനി ക്ലബിനായി കളിച്ചേക്കില്ല | Kerala Blasters

ഹീറോ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചടികൾ നേരിടുകയാണ്. ആദ്യത്തെ മത്സരത്തിൽ വിജയം നേടിയെങ്കിലും അതിനു ശേഷമുള്ള മത്സരത്തിൽ തോൽവി വഴങ്ങിയതോടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബെംഗളൂരു എഫ്‌സിക്കെതിരെ വിജയിച്ചാൽ പോലും കേരള ബ്ലാസ്റ്റേഴ്‌സിന് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ കഴിയുമോയെന്ന കാര്യം സംശയത്തിലാണ്.

അതിനിടയിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നൽകി ടീമിലെ വിദേശതാരം ഇവാൻ കലിയുഷ്‌നി ക്യാമ്പ് വിട്ടുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. മാർക്കസ് മെർഗുലാവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. ഇതോടെ ബെംഗളൂരു എഫ്‌സിക്കെതിരെ നടക്കുന്ന നിർണായക സൂപ്പർകപ്പ് മത്സരത്തിൽ യുക്രൈൻ താരം കളിക്കില്ലെന്നുറപ്പായി.

ഈ സീസണിന്റെ തുടക്കത്തിലാണ് ഇവാൻ കലിയുഷ്‌നി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്. എന്നാൽ അടുത്ത സീസണിൽ താരം ക്ലബിനൊപ്പം ഉണ്ടാകുമോയെന്നത് സംശയമാണ്. താരത്തെ നിലനിർത്താൻ യുക്രൈൻ ക്ലബിന് വലിയ തുക നൽകേണ്ടി വരുമെന്നതിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സും താരവും ആഗ്രഹിച്ചാൽ പോലും ഇവാനു തുടരാൻ കഴിയില്ല.

നിലവിൽ തന്നെ രണ്ടു വിദേശതാരങ്ങൾ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കില്ല എന്നുറപ്പായിട്ടുണ്ട്.ജിയാനു, വിക്റ്റർ മോംഗിൽ എന്നീ താരങ്ങളാണ് ഈ സീസണോടെ ടീം വിടാൻ പോകുന്നത്. അതിനു പുറമെ ഇവാൻ കൂടി ക്ലബ് വിടുന്നതോടെ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ വലിയൊരു അഴിച്ചുപണി നടത്തേണ്ടി വരുമെന്നുറപ്പാണ്.

ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ പതിനെട്ടു മത്സരങ്ങൾ കളിച്ച ഇവാൻ നാല് ഗോളുകൾ വഴങ്ങിയിരുന്നു. താൻ കളിച്ച ആദ്യത്തെ മത്സരത്തിൽ തന്നെ രണ്ടു ഗോളുകൾ നേടി ആരാധകരുടെ മനസ് കവരാൻ കഴിഞ്ഞ താരമാണ് ഇവാൻ. അതുകൊണ്ടു തന്നെ ഇനി താരം ക്ലബിനായി കളിച്ചേക്കില്ലെന്നത് ആരാധകർക്ക് വേദനയുണ്ടാക്കുന്ന കാര്യമായിരിക്കും.

അതേസമയം ബെംഗളൂരുവിനെതിരെ നടക്കുന്ന മത്സരം വിജയിച്ചാൽ പോലും ബ്ലാസ്റ്റേഴ്‌സ് അടുത്ത റൗണ്ടിൽ കടക്കുമോയെന്ന കാര്യത്തിൽ സംശയമാണ്. ശ്രീനിധി ഡെക്കാൻ അടുത്ത മത്സരത്തിൽ വിജയിച്ചാൽ അവർ ബ്ലാസ്റ്റേഴ്‌സിനേയും ബെംഗളൂരുവിനെയും മറികടക്കും. അതേസമയം ബെംഗളൂരു വിജയിച്ചാൽ അവർക്കും അടുത്ത റൗണ്ടിലേക്ക് കടക്കാൻ കഴിയും.

Content Highlights: Ivan Kalyuzhnyi Leave Kerala Blasters Camp