നൽകിയ വാക്ക് ആശാൻ തിരിച്ചെടുക്കുമോ? ഐഎസ്എല്ലിലേക്ക് തിരിച്ചെത്താൻ ഇവാൻ വുകോമനോവിച്ചിന് വീണ്ടും അവസരം
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനാണ് ഇവാൻ വുകോമനോവിച്ച്. മൂന്നു സീസണുകളിൽ ഒരു കിരീടം പോലും സ്വന്തമാക്കി നൽകാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന് കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ് വളരെയധികം മെച്ചപ്പെട്ടുവെന്ന കാര്യത്തിൽ സംശയമില്ല.
കഴിഞ്ഞ സീസൺ അവസാനിച്ചതോടെയാണ് ഇവാൻ വുകോമനോവിച്ച് ക്ലബ് വിട്ടത്. അദ്ദേഹം ക്ലബിനൊപ്പം തുടരണമെന്ന് ഭൂരിഭാഗം ആരാധകരും ആഗ്രഹിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ബ്ലാസ്റ്റേഴ്‌സ് വിട്ട ഇവാൻ വുകോമനോവിച്ച് മറ്റൊരു ക്ലബിന്റെ പരിശീലകസ്ഥാനവും ഏറ്റെടുത്തിട്ടില്ല.
എന്നാൽ പുതിയൊരു ക്ലബിന്റെ സ്ഥാനമേറ്റെടുക്കാൻ ഇവാൻ വുകോമനോവിച്ചിന് ഓഫർ വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഐഎസ്എല്ലിൽ നിന്ന് തന്നെയുള്ള ഒരു ക്ലബ് സെർബിയൻ പരിശീലകന് വേണ്ടി രംഗത്തു വന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നേരത്തെ ഈസ്റ്റ് ബംഗാൾ ഇവാൻ വുകോമനോവിച്ചിന് വേണ്ടി രംഗത്തു വന്നിരുന്നെങ്കിലും താരം ആ ഓഫർ നിരസിക്കുകയാണ് ചെയ്‌തത്. ഇപ്പോൾ ഇവാന് വേണ്ടി രംഗത്തുള്ളത് മോശം ഫോമിലുള്ള കൊൽക്കത്തയിലെ തന്നെ ക്ലബായ മൊഹമ്മദൻസാണെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ സീസണിലടക്കം മറ്റൊരു ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കില്ലെന്ന് ഇവാൻ വുകോമനോവിച്ച് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം വാക്ക് മാറ്റി തിരിച്ചുവരുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്ന ആരാധകരും കുറവല്ല.