വിലക്കിനു തന്ത്രങ്ങൾ നൽകുന്നത് തടയാൻ കഴിയില്ലല്ലോ, ആരാധകർക്ക് ആവേശം നൽകുന്ന സന്ദേശവുമായി ഇവാൻ | Ivan Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫ് മത്സരത്തിൽ റഫറിയെടുത്ത തീരുമാനത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായുള്ള ഇറങ്ങിപ്പോക്ക് ബ്ലാസ്‌റ്റേഴ്‌സിനെ രണ്ടു തരത്തിലാണ് ബാധിച്ചത്. ഒന്ന് ടീമിന് ടൂർണമെന്റിൽ മുന്നോട്ടു പോകാനുള്ള അവസരം നഷ്‌ടമായി. അതിനു പിന്നാലെ ഇവാൻ വുകോമനോവിച്ചിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഏർപ്പെടുത്തിയ വിലക്ക് ഹീറോ സൂപ്പർകപ്പിൽ ടീമിന്റെ മുന്നോട്ടു പോക്കിനെയും ബാധിക്കുമെന്നതാണ് മറ്റൊരു പ്രതിസന്ധി.

എന്നാൽ സൂപ്പർകപ്പിൽ ആദ്യത്തെ മത്സരം കഴിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷ വർധിച്ചിട്ടുണ്ട്. ഐ ലീഗ് ജേതാക്കളായ പഞ്ചാബ് എഫ്‌സിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്. അതിനു പിന്നാലെ വിലക്ക് നേരിടുന്ന ഇവാൻ വുകോമനോവിച്ച് ടീമിന് പരിശീലനം നൽകുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്‌ത്‌ ആരാധകർക്ക് സന്ദേശവും നൽകിയിട്ടുണ്ട്.

“പോസിറ്റിവായ മനസ് പോസിറ്റിവായ കാര്യങ്ങൾ നൽകും. വിമർശനങ്ങളെ സ്വീകരിച്ച് പുതിയ കാര്യങ്ങൾ പഠിക്കുക. സന്തോഷവും ആത്മാർത്ഥതയുമുള്ള താരങ്ങളെ ചുറ്റും നിർത്തുക. പോസിറ്റിവായിരിക്കുകയെന്നാൽ എല്ലാം നല്ലതാണെന്നു കരുതുകയല്ല. എല്ലാറ്റിലും നല്ലത് കണ്ടെത്തുകയാണ്. നെഗറ്റിവ് സാഹചര്യങ്ങളിൽ പോസിറ്റിവ് ആകുന്നത് നിഷ്‌കളങ്കനായതു കൊണ്ടല്ല, അത് നേതൃഗുണമാണ്. പോസിറ്റിവായും സന്തോഷമായും ഇരിക്കുക.” ഇവാൻ കുറിച്ചു.

ഇവാന്റെ പോസ്റ്റും അതിൽ നൽകിയിരിക്കുന്ന സന്ദേശവും താരത്തിന്റെ തന്ത്രങ്ങളിൽ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഇപ്പോഴും മുന്നോട്ടു പോകുന്നതെന്ന സൂചന നൽകുന്നതാണ്. വളരെ ന്യായമായ ഒരു കാര്യത്തിൽ നടത്തിയ പ്രതിഷേധം തന്നെ വിലക്കുന്നതിനു കാരണമായതിനാൽ തന്നെ അതിനു മറുപടി നൽകേണ്ടത് അദ്ദേഹത്തിന് ആവശ്യമാണ്. അത് സൂപ്പർലീഗ് കിരീടം നേടിക്കൊണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ആദ്യത്തെ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഐ ലീഗ് ജേതാക്കളെ കീഴടക്കിയ കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടു മത്സരങ്ങൾ കൂടിയാണ് ബാക്കിയുള്ളത്. അതിൽ ആദ്യത്തെ മത്സരത്തിൽ ശ്രീനിധി ഡെക്കാനെ നേരിടുന്ന ടീമിന് അടുത്ത മത്സരം പകരം വീട്ടാനുള്ള അവസരമാണ്. ബെംഗളൂരുവാണ് അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.

Content Highlights: Ivan Vukomanovic Instagram Post And Message To Kerala Blasters Fans