എല്ലാവരും മറന്നു തുടങ്ങിയിടത്തു നിന്നും അവിശ്വസനീയ തിരിച്ചുവരവ്, കോപ്പ അമേരിക്കയിലെ താരം ഹമെസ് റോഡ്രിഗസ് തന്നെ

2014ലെ ലോകകപ്പിലാണ് ഹമെസ് റോഡ്രിഗസ് എന്ന പ്രതിഭ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയിൽപ്പെടുന്നത്. ലോകകപ്പിലെ മികച്ച ഗോളിനുള്ള പുരസ്‌കാരമടക്കം നേടി കൊളംബിയയെ ക്വാർട്ടർ ഫൈനലിൽ എത്തിക്കാൻ സഹായിച്ച താരം ഭാവിയിൽ ലോകഫുട്ബോൾ അടക്കി ഭരിക്കുമെന്ന് ഏവരും പറഞ്ഞു. ലോകകപ്പിനു പിന്നാലെ റയൽ മാഡ്രിഡ് ഹമെസിനെ സ്വന്തമാക്കുകയും ചെയ്‌തു.

മൊണോക്കോയിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ഹമെസ് റോഡ്രിഗസിനു സമ്മിശ്രമായ കരിയർ ആയിരുന്നു ഉണ്ടായിരുന്നത്. ഒരുപാട് കിരീടങ്ങൾ സ്വന്തമാക്കിയെങ്കിലും അവസരങ്ങൾ കുറഞ്ഞതിനെ തുടർന്ന് ബയേൺ മ്യൂണിക്കിൽ ലോണിലും അതിനു ശേഷം എവർട്ടണിലും കളിച്ച താരം അതിനു ശേഷം ഖത്തർ ക്ലബായ അൽ റയ്യാനിലേക്ക് ചേക്കേറിയതോടെ പതിയെ വിസ്‌മരിക്കപ്പെടാൻ തുടങ്ങി.

എന്നാൽ 2024 ലോകകപ്പ് ഹമെസ് റോഡ്രിഗസിന്റെ അതിശക്തമായ തിരിച്ചുവരവിനാണ് സാക്ഷ്യം വഹിക്കുന്നത്. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ പനാമയെ എതിരില്ലാത്ത അഞ്ചു ഗോളിന് തകർത്ത് കൊളംബിയ സെമി ഫൈനലിലേക്ക് കുതിച്ചപ്പോൾ ടീമിന്റെ അച്ചുതണ്ടായി കളിക്കുന്നത് മുപ്പത്തിരണ്ടു വയസുള്ള ഹമെസ് റോഡ്രിഗസാണ്.

പനാമക്കെതിരെ നേടിയ ഒരു ഗോളും രണ്ട് അസിസ്റ്റുമുൾപ്പെടെ ഈ കോപ്പ അമേരിക്കയിൽ ഒരു ഗോളും അഞ്ച് അസിസ്റ്റുമാണ് ഹമെസ് റോഡ്രിഗസ് സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ ബ്രസീലിയൻ ക്ലബ് സാവോപോളോക്കു വേണ്ടി കളിക്കുന്ന താരം കോപ്പ അമേരിക്കയിലെ ഗോൾഡൻ ബോൾ നേടാൻ മുൻനിരയിലുണ്ട്. ബ്രസീലിനെ വരെ വിറപ്പിക്കാൻ ഹമെസിനു കഴിഞ്ഞിരുന്നു.

ഹമെസിന്റെ ഈ പ്രകടനത്തിന് കടപ്പെട്ടിരിക്കേണ്ടത് അർജന്റൈൻ പരിശീലകനായ നെസ്റ്റർ ലോറെൻസോയോടു കൂടിയാണ്. 2014ലെ ഹമെസ് റോഡ്രിഗസിനെ വീണ്ടെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നതിൽ സംശയമില്ല. രണ്ടു വർഷത്തിനകം നടക്കുന്ന ലോകകപ്പിലും ഹമെസ് റോഡ്രിഗസും കൊളംബിയയും ഉണ്ടാകട്ടെയെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.