ലോകകപ്പിനെക്കാൾ നിലവാരം ക്ലബ് ഫുട്ബോളിനു തന്നെ, മാഞ്ചസ്റ്റർ സിറ്റി-ലിവർപൂൾ പോരാട്ടത്തിന് പ്രശംസ

ലോകകപ്പിന്റെ ആരവങ്ങൾ അവസാനിക്കുന്നതിനു മുൻപു തന്നെ ക്ലബ് ഫുട്ബോൾ മത്സരങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇംഗ്ലണ്ടിൽ കറബാവോ കപ്പ് മത്സരങ്ങൾ ആരംഭിച്ചപ്പോൾ കഴിഞ്ഞ ദിവസം ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള പോരാട്ടമാണ് നടന്നത്. മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി വിജയം നേടി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുകയുണ്ടായി. എർലിങ് ഹാലാൻഡ്‌, റിയാദ് മഹ്‌റെസ്, നഥാൻ ആക്കെ എന്നിവർ സിറ്റിക്കായി ഗോൾ നേടിയപ്പോൾ ഫാബിയോ കാർവാലോ, മൊഹമ്മദ് സലാ എന്നിവർ ലിവർപൂളിനായി വല കുലുക്കി.

മത്സരത്തിനു പിന്നാലെ ലോകകപ്പിനെയും ഇംഗ്ലീഷ് ഫുട്ബോൾ മത്സരങ്ങളെയും താരതമ്യം ചെയ്‌ത്‌ മുൻ ലിവർപൂൾ താരവും പ്രീമിയർ ലീഗ് ഇതിഹാസവുമായ ജെമീ കരാഗർ രംഗത്തെത്തി. ലോകകപ്പിനെക്കാൾ നിലവാരമുള്ള പ്രകടനമാണ് ക്ലബ് തലത്തിൽ നടന്നതെന്നാണ് കരാഗർ പറയുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരും ഇക്കാര്യം അഭിപ്രായപ്പെടുന്നുണ്ട്.

“രണ്ടു ടീമുകളോടും പരിശീലകരോടും എനിക്ക് ആദരവുണ്ട്. വളരെ മികച്ചൊരു മത്സരമാണ് നമ്മളിവിടെ കണ്ടത്. ഒരിഞ്ചു വിട്ടുകൊടുക്കാൻ രണ്ടു ടീമുകളും തയ്യാറായില്ല. സിറ്റിയായിരുന്നു മത്സരത്തിലെ മികച്ച ടീം. പക്ഷെ മത്സരത്തിൽ നിലനിൽക്കാൻ വേണ്ടി പൊരുതിയ ലിവർപൂളിനെക്കുറിച്ചും പറയാതിരിക്കുക വയ്യ. നമ്മളത് മിസ് ചെയ്‌തിട്ടില്ലെന്ന് കരുതുന്നു.” സ്കൈ സ്പോർട്ട് പണ്ഡിറ്റായ ജെമീ കരാഗർ പറഞ്ഞു.

“അന്താരാഷ്‌ട്ര ഫുട്ബോളുമായി താരതമ്യം ചെയ്യുമ്പോൾ ക്ലബ് ഫുട്ബോൾ മറ്റൊരു തലത്തിലാണുള്ളത്. രാജ്യങ്ങൾ ഒരുമിച്ച് വരുന്നതും അർജന്റീന ലോകകപ്പ് വിജയം വീണ്ടും നേടിയതും നമ്മൾ കണ്ടു. അതിൽ വൈകാരികത കൂടി ഉൾപ്പെട്ടിട്ടുണ്ട്. പക്ഷെ ഈ നിലവാരം, പ്രത്യേകിച്ചും ഇന്നലെ കളിച്ച രണ്ടു ടീമുകൾ ഉൾപ്പെടുമ്പോഴുള്ളതുമായി താരതമ്യം ചെയ്യാൻ പോലും കഴിയില്ല.” കരാഗർ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ ആരാധകരും മത്സരത്തെ അഭിനന്ദിച്ച് രംഗത്തു വന്നിരുന്നു. ക്ലബ് ഫുട്ബോൾ തിരിച്ചു വന്നുവെന്നും അത് വളരെ വ്യത്യസ്‌തമായ അനുഭവമാണ് നൽകിയതെന്നും നിരവധി ആരാധകർ പറഞ്ഞു. രണ്ടു ടീമുകളും വളരെ നിലവാരമുള്ള പ്രകടനമാണ് മത്സരത്തിൽ നടത്തിയത്. ലോകകപ്പ് കഴിഞ്ഞപ്പോൾ ആരാധകർക്ക് ലഭിച്ച വിരുന്നു തന്നെയായിരുന്നു ഈ മത്സരം.

fpm_start( "true" ); /* ]]> */