ചരിത്രത്തിൽ ഒരേയൊരു താരം മാത്രം നേടിയ സൂപ്പർ ബാലൺ ഡി ഓർ മെസി സ്വന്തമാക്കാൻ സാധ്യത

ഖത്തർ ലോകകപ്പ് വിജയത്തോടെ ആർക്കും അഭിപ്രായവ്യത്യാസമില്ലാതെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമെന്ന തലത്തിലേക്ക് ലയണൽ മെസി എത്തിയിട്ടുണ്ട്. അർജന്റീനയുടെ നായകനായ താരം ടീമിനെ നയിക്കുന്ന പ്രകടനം തന്നെയാണ് ടൂർണമെന്റിലുടനീളം നടത്തിയത്. ഗോളുകളും അസിസ്റ്റുകളുമായി തിളങ്ങിയ മെസി ഗോൾഡൻ ബോൾ പുരസ്കാരവും സ്വന്തമാക്കി. ഇതോടെ അടുത്ത വർഷത്തെ ബാലൺ ഡി ഓറും മെസിക്ക് സ്വന്തമാക്കാനുള്ള സാധ്യതകൾ വർധിച്ചിട്ടുണ്ട്. അത് സംഭവിച്ചാൽ എട്ടാമത്തെ ബാലൺ ഡി ഓർ പുരസ്കാരമായിരിക്കും മെസി സ്വന്തമാക്കുക.

അതേസമയം ലയണൽ മെസി സൂപ്പർ ബാലൺ ഡി ഓർ നെടുമോയെന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം. ഇതിനു മുൻപ് ചരിത്രത്തിൽ ഒരേയൊരു താരം മാത്രമാണ് സൂപ്പർ ബാലൺ ഡി ഓർ സ്വന്തമാക്കിയിട്ടുള്ളത്. ക്ലബ് തലത്തിലും ദേശീയ തലത്തിലും എല്ലാ നേട്ടങ്ങളും സ്വന്തമാക്കുകയും ഏഴു തവണ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്‌ത ലയണൽ മെസി ലോകകപ്പ് വിജയം നേടിയതോടെ സൂപ്പർ ബാലൺ ഡി ഓറിന് അർഹനാണെന്നാണ് ഫുട്ബോൾ ലോകത്ത് ഉയരുന്ന ചർച്ചകളിൽ പറയുന്നത്.

ബാലൺ ഡി ഓർ പുരസ്‌കാരം നൽകുന്ന ഫ്രാൻസ് ഫുട്ബോൾ മാഗസിൻ അവരുടെ മുപ്പതാം വാർഷികത്തിൽ 1989ലാണ് സൂപ്പർ ബാലൺ ഡി ഓർ അവതരിപ്പിക്കുന്നത്. വ്യക്തിപരമായും ടീമെന്ന തലത്തിലും സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ താരത്തിന് നൽകുന്ന ഈ പുരസ്‌കാരം അർജന്റീനക്കും സ്പെയിനും വേണ്ടി കളിച്ചിട്ടുള്ള റയൽ മാഡ്രിഡ് ഇതിഹാസമായ ആൽഫ്രഡോ ഡി സ്‌റ്റെഫാനോ മാത്രമാണ് നേടിയിട്ടുള്ളത്.

യൂറോപ്യൻ രാജ്യത്ത് ജനിച്ചവർക്കാണ് ഈ പുരസ്‌കാരം നൽകുക. ആൽഫ്രഡോ ഡി സ്‌റ്റെഫാനോ അർജന്റീനയിലാണ് ജനിച്ചതെങ്കിലും സ്‌പാനിഷ്‌ പൗരത്വമുള്ളതു കൊണ്ടാണ് താരത്തിന് ഈ അവാർഡ് നൽകിയത്. ലയണൽ മെസിക്കും സ്‌പാനിഷ്‌ പൗരത്വമുണ്ട്. മെസി ഇത് നേടുകയാണെങ്കിൽ സൂപ്പർ ബാലൺ ഡി ഓർ നേടുന്ന രണ്ടു താരങ്ങളും അർജന്റീനയിൽ ജനിച്ചവരായി മാറും. എന്നാൽ ഈ പുരസ്‌കാരം നൽകണോ എന്ന കാര്യം ഫ്രാൻസ് ഫുട്ബോളാണ് തീരുമാനിക്കുക.

ഫ്രാൻസ് ഫുട്ബോളിന്റെ അറുപതാം വാർഷികം 2019ലായിരുന്നെങ്കിലും ലയണൽ മെസി ലോകകപ്പ് നേടിയതോടെ സൂപ്പർ ബാലൺ ഡി ഓർ വീണ്ടും നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഫ്രഞ്ച് ഫുട്ബോൾ ഇത് പരിഗണിച്ചാൽ മെസി തന്നെയാവും ആ പുരസ്‌കാരം നേടുകയെന്ന കാര്യത്തിലും യാതൊരു സംശയവും ഇല്ല. ക്ലബ് തലത്തിലും ദേശീയ ടീമിലും അത്രയും മികച്ച പ്രകടനമാണ് മെസി നടത്തുന്നത്.