കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ കളിക്കാൻ സോട്ടിരിയോക്ക് ഭാഗ്യമില്ല, ഓസ്‌ട്രേലിയൻ താരത്തിന് വീണ്ടും പരിക്കെന്നു റിപ്പോർട്ടുകൾ

കഴിഞ്ഞ സീസണിന് മുന്നോടിയായി ഏറെ പ്രതീക്ഷകളോടെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുകയും എന്നാൽ പിന്നീട് നിരാശപ്പെടേണ്ടി വരികയും ചെയ്‌ത സൈനിങ്‌ ആയിരുന്നു ഓസ്‌ട്രേലിയൻ താരമായ ജോഷുവ സോട്ടിരിയോയുടേത്. ടീമിലെത്തി പരിശീലനം നടത്തുന്നതിനിടെ പരിക്കേറ്റ താരത്തിന് കഴിഞ്ഞ സീസണിൽ ഒരു മത്സരം പോലും കളിക്കാൻ കഴിയാതെ പുറത്തിരിക്കേണ്ടി വന്നു.

കഴിഞ്ഞ സീസണിലെ അതേ ദൗർഭാഗ്യം കേരള ബ്ലാസ്റ്റേഴ്‌സിനെ ഇത്തവണയും വേട്ടയാടുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ പുറത്തു വരുന്ന സൂചനകൾ പ്രകാരം തായ്‌ലൻഡിൽ നടക്കുന്ന പരിശീലന ക്യാംപിൽ വെച്ച് സോട്ടിരിയോക്ക് പരിക്കേറ്റിട്ടുണ്ട്. ഓസ്‌ട്രേലിയൻ താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്നാണ് ഇനി അറിയാനുള്ളത്.

നിലവിൽ ലഭ്യമായ വിവരങ്ങൾ വെച്ച് ഓസ്‌ട്രേലിയൻ താരം തായ്‌ലൻഡിൽ നിന്നും കൊൽക്കത്തയിലേക്ക് എത്തിയിട്ടുണ്ട്. പരിക്കേറ്റതിനു പിന്നാലെ മെഡിക്കൽ പരിശോധനക്കു വേണ്ടിയാണ് സോട്ടിരിയോ കൊൽക്കത്തയിലേക്ക് വന്നിരിക്കുന്നത്. സ്‌കാനിങ് റിപ്പോർട്ടുകൾ അടക്കമുള്ളവ ലഭിച്ചാലാണ് താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് മനസിലാക്കാൻ കഴിയുക.

സോട്ടിരിയോക്ക് വീണ്ടും പരിക്കേറ്റ സാഹചര്യത്തിൽ താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് നിലനിർത്താൻ സാധ്യതയില്ല. ഇപ്പോൾ പരിക്കിൽ നിന്നും മുക്തനായതിനു പിന്നാലെ വീണ്ടും പരിക്കേറ്റ താരത്തെ നിലനിർത്തുന്നത് സാഹസമാണ്. അതുകൊണ്ടു തന്നെ കരാർ റദ്ദാക്കി പുതിയൊരു താരത്തെ ടീമിലെത്തിക്കാനുള്ള നീക്കമാവും ബ്ലാസ്റ്റേഴ്‌സ് ഇനി നടത്തുക.

കഴിഞ്ഞ സീസണിൽ സോട്ടിരിയോക്ക് പരിക്കേറ്റതിനാൽ ടീമിലെത്തിയ താരമായിരുന്നു ഡൈസുകെ സകായി. എന്നാൽ ഇത്തവണ ഏഷ്യൻ താരങ്ങൾ നിർബന്ധമില്ലാത്തതിനാൽ യൂറോപ്പിൽ നിന്നുള്ള മികച്ച കളിക്കാരെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയും. സോട്ടിരിയോ പോകുന്നതോടെ നിലവിൽ ടീമിലുള്ള വിദേശതാരങ്ങളുടെ എണ്ണം നാലായി ചുരുങ്ങും.