ഇതുപോലൊരു ആരാധകക്കൂട്ടത്തിനു മുന്നിൽ കളിക്കുന്നത് അഭിമാനമാണ്, എതിരാളികളിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രശംസ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും എഫ്‌സി ഗോവയും ഏറ്റുമുട്ടാൻ പോവുകയാണ്. രണ്ടു ടീമുകളും പോയിന്റ് ടേബിളിൽ അടുത്തടുത്ത് നിൽക്കുന്നതിനാൽ മികച്ച മത്സരമാണ് കൊച്ചിയിൽ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ഏതാനും മത്സരങ്ങളായി കേരള ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിലായതിനാൽ ഗ്യാലറിയിൽ ആരാധകർ കുറവായിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയെ കീഴടക്കി മികച്ച വിജയം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതിനാൽ ഗ്യാലറി നിറയാനുള്ള സാധ്യതയുണ്ട്.

കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിന് ആരാധകർ നൽകുന്ന പിന്തുണ എതിർടീമുകൾക്ക് വളരെയധികം സമ്മർദ്ദം സൃഷ്‌ടിക്കുന്ന ഒന്നാണ്. എന്നാൽ എല്ലാവർക്കും അങ്ങിനെയല്ലെന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മുന്നിൽ കളിക്കുന്നത് അഭിമാനമാണെന്നുമാണ് ഗോവ താരം ജയ് ഗുപ്‌ത പറയുന്നത്.

“എന്തുകൊണ്ടാണ് എല്ലാവരും ഇതിനെ സമ്മർദ്ദമെന്ന് പറയുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഇത്രയും കാണികൾക്ക് മുന്നിൽ കളിക്കാൻ ഞങ്ങൾ ഇഷ്‌ടപ്പെടുന്നു. ഇതുപോലൊരു ആരാധകക്കൂട്ടത്തിനു മുന്നിൽ കളിക്കുക അഭിമാനമുള്ള കാര്യമാണ്.” ജെയ് ഗുപ്‌ത പറഞ്ഞു.

ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്‌സിന് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറാൻ കഴിയും. ഇനി വമ്പൻ എതിരാളികളെയാണ് നേരിടാനുള്ളത് എന്നതിനാൽ തന്നെ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്.