കേരള ബ്ലാസ്റ്റേഴ്‌സ് റാഞ്ചിയത് മോഹൻ ബഗാൻ ട്രാൻസ്‌ഫർ വേണ്ടെന്നു വെച്ച താരത്തെ, വെളിപ്പെടുത്തലുമായി മാർക്കസ് മെർഗുലാവോ

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ കഴിഞ്ഞ ദിവസം ആരംഭിക്കുകയും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ മോഹൻ ബഗാനും മുംബൈ സിറ്റി എഫ്‌സിയും സമനിലയിൽ പിരിയുകയും ചെയ്‌തിരുന്നു. ആരാധകർ കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം നാളെ രാത്രി കൊച്ചിയിൽ വെച്ച് പഞ്ചാബ് എഫ്‌സിക്കെതിരെ നടക്കാൻ പോവുകയാണ്.

ഈ സീസണിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഡ്യൂറൻഡ് കപ്പിലെ പുറത്താകലോടെ അത് അവസാനിച്ചിട്ടുണ്ട്. എന്നാൽ അതിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ സൈനിങ്‌ ടീമിന് പ്രതീക്ഷ നൽകുന്നതാണ്. സ്‌പാനിഷ്‌ മുന്നേറ്റനിര താരമായ ജീസസ് ജിമിനസിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിലേക്കായി സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ മാർക്കസ് മെർഗുലാവോ സ്‌പാനിഷ്‌ താരത്തെ സംബന്ധിച്ച് ഒരു അപ്‌ഡേറ്റ് നൽകിയിരുന്നു. 2022ൽ ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും കരുത്തുറ്റ ടീമുകളിൽ ഒന്നായ മോഹൻ ബഗാൻ ലക്ഷ്യമിട്ട താരമായിരുന്നു ജീസസ് ജിമിനസ്. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ചേക്കേറാനുള്ള ഓഫർ താരം വേണ്ടെന്നു വെക്കുകയായിരുന്നു.

പോളിഷ് ഫുട്ബോൾ ക്ലബായ ഗോർണിക്കുമായുള്ള കരാർ അവസാനിച്ചതിന് പിന്നാലെയാണ് താരത്തെ സ്വന്തമാക്കാൻ മോഹൻ ബഗാൻ ശ്രമം നടത്തിയത്. എന്നാൽ ആ സമയത്ത് അമേരിക്കൻ ലീഗിൽ നിന്നും ജീസസിന് ഓഫർ ഉണ്ടായിരുന്നു. അതോടെ മോഹൻ ബഗാനെ തഴഞ്ഞ താരം എംഎൽഎസ് ക്ലബായ ടൊറന്റോ എഫ്‌സിയിലേക്ക് ചേക്കേറി.

രണ്ടു സീസണുകൾക്ക് മുൻപ് മോഹൻ ബഗാൻ ലക്ഷ്യമിട്ട താരം ഒടുവിൽ എത്തിയത് കേരള ബ്ലാസ്റ്റേഴ്‌സിലാണ്. മികച്ച സ്‌ട്രൈക്കർമാരെ റിക്രൂട്ട് ചെയ്യുന്ന കാര്യത്തിൽ എന്നും മുന്നിലുള്ള കേരള ബ്ലാസ്റ്റേഴ്‌സിനായി ജീസസ് മികച്ച പ്രകടനം നടത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. നാളത്തെ മത്സരത്തിൽ നിന്നും അത് കൂടുതൽ വ്യക്തമാകും.