ബ്രസീൽ ആരാധകർക്ക് പൊറുക്കാനാകുമോ? മറക്കാനാവാത്ത നാണക്കേട് സമ്മാനിച്ച പരിശീലകൻ പരിശീലകനായി എത്താൻ സാധ്യത
ഖത്തർ ലോകകപ്പിൽ കിരീടപ്രതീക്ഷയുള്ള ടീമായിരുന്നു ബ്രസീലെങ്കിലും അവർക്ക് കാര്യമായ മുന്നേറ്റമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല. ക്വാർട്ടർ ഫൈനൽ വരെ മികച്ച പ്രകടനം നടത്തിയെങ്കിലും ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റാണ് ബ്രസീൽ പുറത്തു പോയത്. ഇതിനു പിന്നാലെ ബ്രസീൽ ടീമിന്റെ മാനേജർ ടിറ്റെ സ്ഥാനമൊഴിഞ്ഞിരുന്നു. അതിനു പകരക്കാരനായി ഒരു മികച്ച പരിശീലകനെ കണ്ടെത്താൻ ബ്രസീലിനു ഇതുവരെ കഴിഞ്ഞിട്ടില്ല.
അർജന്റീന ലോകകപ്പ് വിജയം നേടിയതിനാൽ തന്നെ അടുത്ത ലോകകപ്പിൽ കിരീടം നേടാൻ ആഗ്രഹിക്കുന്ന ബ്രസീൽ യൂറോപ്പിൽ നിന്നുള്ള മികച്ച പരിശീലകരെയാണ് നോട്ടമിടുന്നത്. നിരവധി പരിശീലകരെയും ബ്രസീൽ ടീമിനെയും ചേർത്തുള്ള അഭ്യൂഹങ്ങൾ ശക്തമായി ഉണ്ടാവുകയും ചെയ്തിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മുൻ ജർമൻ പരിശീലകനായ ജോക്കിം ലോക്ക് ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനാവാൻ താൽപര്യമുണ്ട്.
Joachim Low 'is eyeing a shock return to international management with Brazil' https://t.co/9mqeul1gCf
— MailOnline Sport (@MailSport) March 15, 2023
2014 ലോകകപ്പ് ജർമനിക്ക് നേടിക്കൊടുത്ത പരിശീലകനാണ് ജോക്കിം ലോ. എന്നാൽ 2018 ലോകകപ്പിൽ ജർമനി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തു പോയിരുന്നു. അതിനു ശേഷം യൂറോ കപ്പിലും അദ്ദേഹം പരിശീലകനായി ഉണ്ടായിരുന്നെങ്കിലും അതിനു ശേഷം സ്ഥാനമൊഴിഞ്ഞു. തുടർന്ന് ഹാൻസി ഫ്ലിക്കാണ് ജർമനിയുടെ പരിശീലകനായി വന്നത്. 2021ൽ ജർമൻ ടീമിന്റെ സ്ഥാനമൊഴിഞ്ഞതിനു ശേഷം പിന്നീടൊരു ടീമിനെയും ജോക്കിം ലോ പരിശീലിപ്പിച്ചിട്ടില്ല.
ജോക്കിം ലോക്ക് ബ്രസീലിന്റെ പരിശീലകനാവാൻ താൽപര്യമുണ്ടെങ്കിലും ബ്രസീൽ ആരാധകർക്ക് അദ്ദേഹം ഒട്ടും സ്വീകാര്യനാവാൻ സാധ്യതയില്ല. 2014 ലോകകപ്പ് സെമി ഫൈനലിൽ സ്വന്തം രാജ്യത്തു വെച്ച് ബ്രസീലിനെ ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് ജർമനി തോൽപ്പിച്ചപ്പോൾ അവരുടെ പരിശീലകൻ ലോ ആയിരുന്നു. ബ്രസീലിനു ഇന്നും മറക്കാൻ കഴിയാത്ത മുറിവാണതെന്നിരിക്കെ അതിനെ ഓർമിപ്പിക്കുന്ന ഒന്നും അവർ സ്വീകരിക്കാൻ സാധ്യതയില്ല.