“മെസി മാഡ്രിഡിലേക്ക് വരൂ, പത്താം നമ്പർ ജേഴ്‌സി തരാം”- ഭാവി അനിശ്ചിതത്വത്തിൽ നിൽക്കുന്ന അർജന്റീന താരത്തിന് ക്ഷണം

ഖത്തർ ലോകകപ്പിൽ കിരീടം നേടിയ ലയണൽ മെസി ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമെന്ന തലത്തിലേക്ക് ഉയർന്നെങ്കിലും അതിനു പിന്നാലെ ഭാവിയുടെ കാര്യത്തിൽ താരം അനിശ്ചിതത്വങ്ങൾ നേരിടുകയാണ്. ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം ഇതുവരെയും അത് പുതുക്കാൻ തയ്യാറായിട്ടില്ല. മെസിയുടെ കരാർ പുതുക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ഇല്ലെന്നുമുള്ള റിപ്പോർട്ടുകൾ വ്യാപകമായി വന്നുകൊണ്ടിരിക്കുന്നു.

ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്‌ജി പുറത്തു പോയതിനു പിന്നാലെ ലയണൽ മെസിക്കെതിരെ ആരാധകരുടെ രോഷം ഉയർന്നിരുന്നു. വാങ്ങുന്ന പ്രതിഫലത്തിനുള്ള പ്രകടനം താരം നടത്തുന്നില്ലെന്നും മെസിക്കെതിരെ ഇനിയുള്ള മത്സരങ്ങളിൽ പ്രതിഷേധം ഉയർത്തുമെന്നും അവർ വ്യക്തമാക്കിയിരുന്നു. ലോകകപ്പ് ഫൈനലിൽ അർജന്റീനയോട് തോൽവി വഴങ്ങിയതിന്റെ കലിപ്പ് കൂടി ഫ്രാൻസിലെ ആരാധകർക്ക് ഉണ്ടെന്നിരിക്കെ മെസി ക്ലബിൽ തുടരാൻ സാധ്യതയില്ല.

അതിനിടയിൽ മെസിയുടെ മുൻ ക്ലബായ ബാഴ്‌സലോണയുടെ പ്രധാന ശത്രുക്കളായ അത്ലറ്റികോ മാഡ്രിഡിലേക്ക് താരത്തിന് ക്ഷണം വന്നിട്ടുണ്ട്. നിലവിൽ അത്ലറ്റികോ മാഡ്രിഡിൽ കളിക്കുന്ന അർജന്റീനിയൻ താരമായ റോഡ്രിഗോ ഡി പോളാണ് മെസിയെ ടീമിലേക്ക് ക്ഷണിച്ചത്. പിഎസ്‌ജിയുമായി കരാർ പുതുക്കുന്ന കാര്യത്തിൽ മെസി അനിശ്ചിതത്വങ്ങൾ നേരിടുന്നുണ്ടെങ്കിൽ അത്ലറ്റികോ മാഡ്രിഡിലേക്ക് വരൂവെന്നാണ് കഴിഞ്ഞ ദിവസം താരം പറഞ്ഞത്. ഏഞ്ചൽ കൊറിയയുടെ പത്താം നമ്പർ ജേഴ്‌സി തരാമെന്നും താരം കൂട്ടിച്ചേർത്തു.

യൂറോപ്പിൽ തന്നെ തുടരാനാണ് ആഗ്രഹമെങ്കിലും മെസി സ്‌പാനിഷ്‌ ലീഗിൽ ബാഴ്‌സലോണയല്ലാതെ മറ്റൊരു ക്ലബ്ബിനു വേണ്ടി കളിക്കാൻ സാധ്യതയില്ല. ചെറുപ്പം മുതൽ ബാഴ്‌സക്കായി കളിച്ചിരുന്ന താരത്തിന് വൈകാരികമായ അടുപ്പം ക്ലബിനോടുണ്ട്. അതേസമയം മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ ബാഴ്‌സലോണ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ക്ലബ് കടന്നു പോകുന്ന സാമ്പത്തിക പ്രതിസന്ധി അതിനു തടസം നിൽക്കുന്നു.