ഗ്വാർഡിയോളയുമായി തർക്കമെന്ന വാർത്തകൾക്കു പിന്നാലെ കാൻസലോ മാഞ്ചസ്റ്റർ സിറ്റി വിടുന്നു

ജനുവരി ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വമ്പൻ ട്രാൻസ്‌ഫറുകൾ നടക്കാനുള്ള വഴിയൊരുങ്ങുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ സിറ്റിയുടെ ഫുൾബാക്കായ ജോവോ കാൻസലോ ക്ലബ് വിടാനുള്ള തയ്യാറെടുപ്പിലാണ്. പ്രമുഖ കായികമാധ്യമമായ ദി അത്ലറ്റികിന്റെ ജേർണലിസ്റ്റായ ഡേവിഡ് ഓൺസ്റ്റീനാണ് പോർച്ചുഗൽ താരം ലോൺ കരാറിൽ ക്ലബ് വിടുന്ന കാര്യം റിപ്പോർട്ടു ചെയ്‌തത്‌.

കഴിഞ്ഞ ഏതാനും സീസണുകളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന താരമായിരുന്നു ജോവോ കാൻസലോ. എന്നാൽ ലോകകപ്പിന് ശേഷം മാഞ്ചസ്റ്റർ സിറ്റിയിൽ താരത്തിന് അവസരങ്ങൾ കുറവാണ്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും സിറ്റിയുടെ ആദ്യ ഇലവനിൽ ഇടം നേടാൻ കാൻസലോക്ക് കഴിഞ്ഞിട്ടില്ല. പെപ് ഗ്വാർഡിയോളയും താരവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന വാർത്തകൾ ഇതിനിടയിൽ പുറത്തു വന്നിരുന്നു. ഇത് സത്യമാണെന്നാണ് താരം ക്ലബ് വിടുമെന്ന റിപ്പോർട്ടുകളിൽ നിന്നും മനസിലാകുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ജർമൻ ക്ലബായ ബയേൺ മ്യൂണിക്കിലേക്കാണ് കാൻസലോ ചേക്കേറാനൊരുങ്ങുന്നത്. ലോൺ കരാറിൽ സ്വന്തമാക്കുന്ന താരത്തിന്റെ കരാറിൽ ബൈ ബാക്ക് ഓപ്‌ഷനും ബയേൺ മ്യൂണിക്ക് ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സീസണിൽ ബയേൺ മ്യൂണിക്കിനായി മികച്ച പ്രകടനം നടത്തിയാൽ അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പോർച്ചുഗൽ താരത്തെ ബയേൺ സ്വന്തമാക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ലോകകപ്പ് കഴിഞ്ഞതിനു ശേഷം ബയേൺ മ്യൂണിക്കും മോശം ഫോമിലാണുള്ളത്. അതിനു ശേഷം കളിച്ച മൂന്നു മത്സരങ്ങളിലും അവർ സമനില വഴങ്ങി. ജോവോ കാൻസലോയുടെ സാന്നിധ്യം ടീമിന് ആത്മവിശ്വാസം നൽകുമെന്നാണ് പ്രതീക്ഷ. ബെഞ്ചമിൻ പവാർദ് വരുന്ന സമ്മറിൽ ക്ലബ് വിടാനുള്ള സാധ്യതയും മസ്‌റൂയിയുടെ പരിക്കും കാരണം ഇനി ബയേൺ മ്യൂണിക്കിന്റെ റൈറ്റ്‌ബാക്ക് പൊസിഷനിൽ കാൻസലോ തന്നെയാണ് സ്ഥിരസാന്നിധ്യമാകാൻ കാരണം.