“തൊണ്ണൂറു മിനുട്ടും നിർത്താതെ ഓടും, അതുപോലൊരു താരം എന്റെ ടീമിലുണ്ടായിരുന്നെങ്കിൽ”- ബ്ലാസ്റ്റേഴ്‌സ് താരത്തെ പ്രശംസിച്ച് നോർത്ത്ഈസ്റ്റ് യുണൈറ്റഡ് പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മികച്ച വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്. കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ ജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. മുന്നേറ്റനിര താരമായ ഡയമന്റക്കൊസ് മത്സരത്തിലെ രണ്ടു ഗോളുകളും നേടി ഈ സീസണിൽ തന്റെ മിന്നുന്ന ഫോം തുടർന്നതിനു പുറമെ ബ്ലാസ്റ്റേഴ്‌സ് നിരവധി അവസരങ്ങളും ഉണ്ടാക്കിയെടുത്തിരുന്നു. എന്നാൽ അവയൊന്നും കൃത്യമായി ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്നത് കൊമ്പന്മാർക്ക് തിരിച്ചടി നൽകി.

മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടു ഗോളുകൾ നേടി ഈ സീസണിലെ തന്റെ ഗോൾനേട്ടം ഒൻപതാക്കി സ്‌ട്രൈക്കർ ദിമി തിളങ്ങിയെങ്കിലും അതിനു ശേഷം നോർത്ത് ഈസ്റ്റ് പരിശീലകന്റെ പ്രശംസയേറ്റു വാങ്ങിയത് മധ്യനിരതാരം അഡ്രിയാൻ ലൂണയായിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി തൊണ്ണൂറു മിനുട്ടും നിർത്താതെ ഓടുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്ന കളിക്കാരാനെന്നാണ് യുറുഗ്വായ് താരത്തെ വിൻസെൻസോ ആൽബർട്ടോ അനസെ വിശേഷിപ്പിച്ചത്.

“അവർക്ക് മികച്ച നിലവാരമുണ്ടായിരുന്നു, താരങ്ങളും അങ്ങിനെ തന്നെ, പ്രത്യേകിച്ചും വിദേശതാരങ്ങൾ. അവരാണ് രണ്ടു ടീമിലും വ്യത്യാസം ഉണ്ടാക്കുന്നത്. ലൂണ തൊണ്ണൂറു മിനുട്ടിൽ കളിക്കളത്തിൽ ഓടിക്കൊണ്ടിരിക്കും, ഒരിക്കലും നിർത്തുകയില്ല. അതുപോലൊരു താരത്തെ എനിക്ക് തൊണ്ണൂറു മിനുട്ടും ലഭിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു. ഏതൊരു ടീമിനും അത് ഗുണം ചെയ്യും. പ്രതിരോധത്തിലും ആക്രമണത്തിലും മാർക്ക് ചെയ്യപ്പെടാതെ എല്ലായിടത്തും താരമുണ്ടാകും.” നോർത്ത് ഈസ്റ്റ് പരിശീലകൻ പറഞ്ഞു.

തുടർച്ചയായ രണ്ടു തോൽവികൾക്ക് ശേഷം നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ നേടിയ ഈ വിജയം കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ്. വിജയത്തോടെ ഇരുപത്തിയെട്ടു പോയിന്റുമായി ടേബിളിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ് കൊമ്പന്മാർ. ഇനി അഞ്ചു മത്സരങ്ങൾ കൂടി ബാക്കിയുള്ളതിനാൽ പ്ലേ ഓഫ് ഉറപ്പിക്കാൻ കഴിയുമെന്ന വിശ്വാസം ബ്ലാസ്റ്റേഴ്‌സിനുണ്ട്. കഴിഞ്ഞ സീസണിൽ ഫൈനൽ കളിച്ച ടീമിന് മനസു വെച്ചാൽ ഇത്തവണ കിരീടം നേടാനുള്ള കഴിവുമുണ്ട്.