“മികച്ചൊരു തലമുറ വരുന്നുണ്ട്, അർജന്റീന ഇനിയും കിരീടങ്ങൾ നേടും”- ദേശീയ ടീമിനെ വിമർശിച്ച സ്ലാട്ടന് മറുപടി

ഏതാനും ദിവസങ്ങൾക്കു മുൻപ് സ്വീഡിഷ് ഇതിഹാസതാരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ലോകകപ്പ് വിജയം നേടിയ അർജന്റീന ടീമിനെതിരെ രൂക്ഷമായ വിമർശനങ്ങൾ നടത്തുകയുണ്ടായി. ലോകകപ്പ് ഫൈനൽ വിജയത്തിനു ശേഷം അർജന്റീന താരങ്ങൾ മര്യാദ വിട്ടു പെരുമാറിയെന്നും അവർ ഇനിയൊരു കിരീടവും നേടില്ലെന്നും സ്ലാട്ടൻ പറഞ്ഞിരുന്നു. അർജന്റീന ടീമിൽ നായകനായ ലയണൽ മെസി മാത്രമേ ഓർമിക്കപ്പെടൂവെന്നും എസി മിലാൻ താരം അഭിപ്രായപ്പെട്ടിരുന്നു.

സ്ലാട്ടൻറെ വാക്കുകൾക്കെതിരെ രൂക്ഷമായ വിമർശം ഉണ്ടായിരുന്നു. മുൻ അർജന്റീന താരമായ അഗ്യൂറോയാണ് താരത്തിനെതിരെ ആദ്യം പ്രതികരിച്ചത്. അതിനു പിന്നാലെ കഴിഞ്ഞ ദിവസം ലോകകപ്പ് ഫൈനലിൽ അർജന്റീനയുടെ ഹീറോയായ ഏഞ്ചൽ ഡി മരിയയും സ്ലാട്ടൻറെ വാക്കുകളോട് പ്രതികരിക്കുകയുണ്ടായി. എന്നാൽ കൂടുതൽ വിവാദങ്ങൾ ഈ വിഷയത്തിൽ ഉണ്ടാക്കേണ്ടെന്നു കരുതിയാവണം വളരെ കൃത്യതയുള്ള പ്രതികരണമാണ് ഇക്കാര്യത്തിൽ ഡി മരിയ നടത്തിയത്.

“അർജന്റീന ഇനിയും വിജയങ്ങൾ നേടില്ലെ? ദേശീയ ടീം ഇനിയുമൊരുപാട് വർഷങ്ങൾ തുടരുമെന്നാണ് ഞാൻ കരുതുന്നത്. വളരെ മികച്ചൊരു തലമുറ അവർക്കൊപ്പമുണ്ട്. ലോകകപ്പ് വിജയിച്ച അർജന്റീന താരങ്ങൾ യുവാക്കളാണ്. അവർക്കറിയാം ഈ ജേഴ്‌സി എന്താണെന്ന്. ദേശീയ ടീമിനെ എങ്ങിനെയാണ് പ്രതിനിധീകരിക്കേണ്ടത് എന്നവർക്ക് അറിയാം, അവരത് അങ്ങിനെ തന്നെ ചെയ്‌തു മുന്നോട്ടു പോകുമെന്നതിൽ സംശയമില്ല.”

“മാറ്റിയാസ് സൂളെ, ഗർണാച്ചോ തുടങ്ങിയ താരങ്ങളുണ്ട്. ദേശീയ ടീമിലേക്ക് വരുന്നതിനായി ഏതാനും വർഷങ്ങൾക്കുള്ളിൽ പോരാടാൻ കഴിയുന്ന നിരവധിയാളുകളുണ്ട്. ഒരുപാട് വർഷങ്ങൾ ദേശീയടീമിനെ മികച്ച രീതിയിൽ നിലനിർത്തി കൊണ്ടുപോകാൻ കഴിയുന്ന നിരവധി താരങ്ങൾ ടീമിനൊപ്പമുണ്ട്.” അർജന്റീനിയൻ മാധ്യമമായ ഒലെയോട് സംസാരിക്കുമ്പോൾ ഏഞ്ചൽ ഡി മരിയ പറഞ്ഞു.

അതേസമയം സ്ലാട്ടനെതിരെ കുറച്ചുകൂടി പരുക്കൻ വിമർശനമാണ് അഗ്യൂറോ നടത്തിയത്. അർജന്റീന താരങ്ങളെ മര്യാദ പഠിപ്പിക്കാൻ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന് യാതൊരു അർഹതയും ഇല്ലെന്നാണ് അഗ്യൂറോ പറഞ്ഞത്. സ്ലാട്ടനും കളിക്കളത്തിൽ മര്യാദയില്ലാതെ പെരുമാറിയിട്ടുള്ള വ്യക്തിയാണെന്നും ലയണൽ മെസി ലോകകപ്പ് നേടി ചരിത്രത്തിലെ മികച്ച താരമായതിൽ അദ്ദേഹത്തിന് അസൂയയുണ്ടെന്നും അഗ്യൂറോ പ്രതികരിച്ചിരുന്നു.