ജോർദി ആൽബക്കൊപ്പം രണ്ട് അർജന്റീന താരങ്ങളും ഇന്റർ മിയാമിയിലെത്തും, സ്ഥിരീകരിച്ച് ക്ലബ് ഉടമ | Inter Miami

ഇന്റർ മിയാമിയിൽ ആഘോഷമാണ് നടക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാതിരുന്ന സമയത്ത് ലോകകപ്പ് ജേതാവായ ലയണൽ മെസി ക്ലബ്ബിലേക്ക് ചേക്കേറുന്നു. അതിനു പിന്നാലെ മറ്റൊരു ലോകകപ്പ് ജേതാവായ സെർജിയോ ബുസ്‌ക്വറ്റ്‌സും ഇന്റർ മിയാമിയിലെത്തി. ഈ രണ്ടു താരങ്ങളെയും ക്ലബ് സ്വന്തമാക്കി ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്‌തു. ഇനി ഇവരുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ.

ഈ രണ്ടു താരങ്ങൾക്ക് പുറമെ ബാഴ്‌സലോണ വിട്ട ജോർദി ആൽബയും ഇന്റർ മിയാമിയിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ ക്ലബിന്റെ ഉടമയായ ജോർജ് മാസ് ഇക്കാര്യം വെളിപ്പെടുത്തുകയുണ്ടായി. അതിനു പുറമെ രണ്ട് അർജന്റീന താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കങ്ങളും അവർ നടത്തുന്നുണ്ട്. മധ്യനിരതാരം ഫാക്കുണ്ടോ ഫാരിയാസ്, പ്രതിരോധനിര താരം ടോട്ടോ അവിലെസ്‌ എന്നിവരെ സ്വന്തമാക്കാനാണ് ഇന്റർ മിയാമി ശ്രമം നടത്തുന്നത്.

അർജന്റീനിയൻ ക്ലബായ കൊളോനിന്റെ മധ്യനിര താരമാണ് ഫാക്കുണ്ടോ ഫാരിയാസ്. ഇരുപതു വയസുള്ള താരം അർജന്റൈൻ ലീഗിൽ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയ കളിക്കാരൻ കൂടിയാണ്. അതേസമയം പത്തൊൻപതു വയസുകാരനായ ടോട്ടോ അവിലെസ് അർജന്റൈൻ ക്ലബായ റേസിംഗിലാണ് കളിക്കുന്നത്. ചിലിയുടെ യൂത്ത് താരമായിരുന്ന അവിലെസ് ഇപ്പോൾ അർജന്റീന U20 ടീമിലാണ് കളിക്കുന്നത്.

ഇതിനു പുറമെ മറ്റൊരു അർജന്റീന താരമായ ബ്രയാൻ അഗ്വയർ, സ്‌പാനിഷ്‌ ഗോൾകീപ്പറായ ഡീഗോ ഗോമസ് എന്നിവർക്ക് വേണ്ടിയും ഇന്റർ മിയാമി ശ്രമം നടത്തുന്നുണ്ടെന്നാണ് സൂചനകൾ. എന്തായാലും പുതിയ താരങ്ങൾ എത്തി ഇന്റർ മിയാമി കൂടുതൽ ശക്തമാകും എന്നാണു പ്രതീക്ഷിക്കുന്നത്. നിലവിൽ അമേരിക്കൻ ലീഗിൽ വളരെ മോശം പ്രകടനം നടത്തുന്ന ടീം ലയണൽ മെസിയിലാണ് പ്രതീക്ഷകൾ അർപ്പിച്ചിരിക്കുന്നത്.

Jordi Alba Close To Join Inter Miami