എംബാപ്പെ സീസൺ മുഴുവൻ ബെഞ്ചിലിരിക്കും, കടുത്ത തീരുമാനവുമായി പിഎസ്‌ജി | Mbappe

കിലിയൻ എംബാപ്പയാണ് സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലെ ശ്രദ്ധാകേന്ദ്രം. വരുന്ന സീസൺ കൂടി കഴിഞ്ഞാൽ പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം അത് പുതുക്കാനില്ലെന്ന് അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സമ്മറിൽ കരാർ പുതുക്കിയപ്പോൾ 2025 വരെ ക്ലബിനൊപ്പം തുടരുമെന്ന രീതിയിൽ ജേഴ്‌സിയുമായി നിന്ന താരമാണ് 2024ൽ തന്നെ ക്ലബ് വിടുമെന്ന് അറിയിച്ചത്. താരത്തിന്റെ ഈ നിലപാടിൽ പിഎസ്‌ജി നേതൃത്വത്തിന് വളരെയധികം അതൃപ്‌തിയുണ്ടെന്ന് അവരുടെ പ്രതികരണങ്ങളിൽ നിന്നും വ്യക്തമായിരുന്നു.

ഇരുപത്തിനാലുകാരനായ എംബാപ്പെ തിങ്കളാഴ്‌ച പിഎസ്‌ജിക്കൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ താരം സമ്മറിൽ തന്നെ ക്ലബ് വിടണമെന്ന നിലപാടാണ് ഫ്രഞ്ച് ക്ലബിനുള്ളത്. ജൂലൈ മുപ്പത്തിയൊന്നിന് മുൻപ് ഇക്കാര്യത്തിൽ എംബാപ്പെ തീരുമാനം എടുക്കണമെന്നും അവർ താരത്തെ അറിയിച്ചിട്ടുണ്ട്. അതല്ലെങ്കിൽ ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാൻ തീരുമാനിച്ച് അടുത്ത സമ്മറിൽ ക്ലബ് വിടാനാണ് പിഎസ്‌ജി പറയുന്നത്. അതാവുമ്പോൾ രണ്ടു കൂട്ടർക്കും ഒരുപോലെ ഗുണം ചെയ്യും.

കരാർ 2025 വരെ നീട്ടി എംബാപ്പെ അടുത്ത സമ്മറിൽ ക്ലബ് വിടുകയാണെങ്കിൽ താരത്തിനായി ട്രാൻസ്‌ഫർ ഫീസ് പിഎസ്‌ജിക്ക് ലഭിക്കും. എംബാപ്പയെ സംബന്ധിച്ച് ഒരു വർഷം കൂടി പിഎസ്‌ജിയിൽ തുടർന്ന് 2024ൽ പാരീസിൽ വെച്ച് നടക്കുന്ന ഒളിമ്പിക്‌സിന് ശേഷം ക്ലബ് വിടുകയും ചെയ്യാം. എന്നാൽ കരാർ പുതുക്കാതെ താരം ക്ലബിനൊപ്പം തുടരാൻ തീരുമാനിച്ചാൽ അത് പിഎസ്‌ജിക്ക് സ്വീകാര്യമല്ല. താരത്തെ സീസൺ മുഴുവൻ ബെഞ്ചിൽ ഇരുത്തുന്നത് അടക്കമുള്ള കാര്യങ്ങളിലേക്ക് പിഎസ്‌ജി നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

ഇതിനു മുൻപ് ക്ലബുമായി ഇടഞ്ഞു നിന്ന റാബിയറ്റ് അടക്കമുള്ള താരങ്ങളെ ബെഞ്ചിലിരുത്തിയ ചരിത്രം പിഎസ്‌ജിക്കുണ്ട്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ താരത്തെ ഫ്രീ ഏജന്റായി വിടേണ്ടി വരുന്നത് ഒഴിവാക്കാൻ ഏതു കടുത്ത നടപടിയിലേക്കും പിഎസ്‌ജി ഒരുങ്ങുമെന്ന് തീർച്ചയാണ്. കർക്കശ നടപടികൾ എടുക്കാൻ യാതൊരു മടിയുമില്ലാതെ എൻറിക്വയാണ് പരിശീലകനെന്നത് എംബാപ്പയുടെ സ്ഥിതി കൂടുതൽ പരുങ്ങലിലാക്കുന്നുണ്ട്. എംബാപ്പയെ വിറ്റുകിട്ടുന്ന പണം കൊണ്ട് പുതിയ താരങ്ങളെ വാങ്ങാനുള്ള പദ്ധതിയും പിഎസ്‌ജിക്കുണ്ട്.

PSG Not Ruled Out Benching Mbappe