അൽവാരസിനെ റാഞ്ചാൻ പ്രീമിയർ ലീഗ് ക്ലബും, അർജന്റീന താരത്തിന് വേണ്ടിയുള്ള മത്സരം മുറുകുന്നു

അർജന്റീന സ്‌ട്രൈക്കറായ ഹൂലിയൻ അൽവാരസ് ഈ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റി വിടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ടീമിലെ പ്രധാന താരമായിരുന്നെങ്കിലും നിർണായകമായ പല മത്സരങ്ങളിലും പുറത്തിരിക്കേണ്ടി വന്നുവെന്നും അത്തരം സാഹചര്യങ്ങളൊഴിവാക്കി കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ആഗ്രഹമുണ്ടെന്നും താരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

അൽവാരസിനു ക്ലബ് വിടാനുള്ള താൽപര്യമുണ്ടെങ്കിൽ അതിനു തടസമാകില്ലെന്ന് പെപ് ഗ്വാർഡിയോളയും വ്യക്തമാക്കിയിരുന്നു. പരിശീലകൻ തന്നെ കൈവിട്ടതോടെ താരം മാഞ്ചസ്റ്റർ സിറ്റി വിടാനുള്ള സാധ്യത വർധിച്ചു. ഈ പ്രായത്തിൽ തന്നെ സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ താരത്തിന് വേണ്ടി നിരവധി ക്ലബുകളും രംഗത്തു വന്നിട്ടുണ്ട്.

നിലവിൽ സ്‌പാനിഷ്‌ ക്ലബായ അത്ലറ്റികോ മാഡ്രിഡ്, ഫ്രഞ്ച് ക്ലബായ പിഎസ്‌ജി എന്നിവരാണ് താരത്തിനായി രംഗത്തുള്ളത്. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പ്രീമിയർ ലീഗ് ക്ലബായ ആഴ്‌സണലും അൽവാരസിനായി രംഗത്തു വന്നിട്ടുണ്ട്. ഗ്വാർഡിയോളയുടെ ശിഷ്യനായ അർടെട്ട അർജന്റീന താരത്തെ റാഞ്ചി മുന്നേറ്റനിര ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ്.

അതേസമയം അൽവാരസിനെ സ്വന്തമാക്കാൻ നിലവിൽ സാധ്യത കൂടുതൽ അത്ലറ്റികോ മാഡ്രിഡിനാണ്. അർജന്റീന പരിശീലകനായ ഡീഗോ സിമിയോണിയുടെ സാന്നിധ്യമാണ് സാധ്യത വർധിപ്പിക്കുന്നത്. അൽവാരോ മൊറാട്ട ക്ലബ് വിട്ടതോടെ ഒരു മികച്ച സ്‌ട്രൈക്കറെ തേടുന്ന അവർക്ക് എല്ലാം കൊണ്ടും അനുയോജ്യനായ താരമാണ് ഹൂലിയൻ അൽവാരസ്.

അൽവാരസിനായി 90 മില്യൺ യൂറോയോളമാണ് മാഞ്ചസ്റ്റർ സിറ്റി ആവശ്യപ്പെടുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം 70 മില്യൺ നൽകാമെന്നാണ് അത്ലറ്റികോ മാഡ്രിഡിന്റെ നിലപാട്. അതിനേക്കാൾ മികച്ച പാക്കേജാണ്‌ പിഎസ്‌ജി ഓഫർ ചെയ്‌തിരിക്കുന്നത്‌. ആഴ്‌സണൽ കൂടി രംഗത്തു വന്നാൽ മത്സരം മുറുകുമെന്നതിൽ സംശയമില്ല.