ഒരേ പൊസിഷനു വേണ്ടി മത്സരിക്കുമ്പോഴും ഞങ്ങൾ ഒറ്റക്കെട്ടാണ്, ഇതാണ് അർജന്റീനയുടെ കുതിപ്പിനു പിന്നിലെ ശക്തിയും
മുന്നേറ്റനിര താരങ്ങളുടെ കാര്യത്തിൽ ധാരാളിത്തമുള്ള രാജ്യമാണ് അർജന്റീന. ലയണൽ മെസി, ഡി മരിയ, ലൗടാരോ മാർട്ടിനസ്, ഹൂലിയൻ അൽവാരസ്, അലസാൻഡ്രോ ഗർനാച്ചോ തുടങ്ങിയ താരങ്ങൾ അതിൽ ഉൾപ്പെടുന്നു. ഇക്കഴിഞ്ഞ സീസണിൽ റോമക്കായി മികച്ച പ്രകടനം നടത്തിയ ഡിബാലയെ പുറത്തിരുത്തിയാണ് സ്‌ക്വാഡ് പ്രഖ്യാപിച്ചതെന്നത് അർജന്റീന മുന്നേറ്റനിരയുടെ മികവ് വ്യക്തമാക്കുന്നു.
മികച്ച താരങ്ങൾ ഉള്ളതിനാൽ തന്നെ സ്‌ക്വാഡിനുള്ളിൽ മത്സരവും കൂടുതലാണ്. മുന്നേറ്റനിരയിൽ ലയണൽ മെസിയൊഴികെ മറ്റൊരു താരത്തിനും സ്ഥാനം ഉറപ്പില്ല. കഴിഞ്ഞ മത്സരത്തിൽ ഏഞ്ചൽ ഡി മരിയയെ ബെഞ്ചിലിരുത്തി നിക്കോ ഗോൺസാലസിനെ ഇറക്കിയത് അതിനുദാഹരണമാണ്. ഫോർവേഡുകളുടെ കാര്യത്തിലും ഇത്തരത്തിൽ റൊട്ടേഷനുണ്ടാകാറുണ്ട്.
Julián celebrating Lautaro's goal 💙 pic.twitter.com/W1frBIw38F
— All About Argentina 🛎🇦🇷 (@AlbicelesteTalk) June 26, 2024
ലോകത്തിലെ ഏറ്റവും മികച്ച രണ്ടു സ്‌ട്രൈക്കർമാരായ അൽവാരസ്, ലൗടാരോ എന്നിവരാണ് അർജന്റീനയിൽ തങ്ങളുടെ സ്ഥാനത്തിനായി പൊരുതുന്നത്. എന്നാൽ ഈ താരങ്ങൾ തമ്മിൽ യാതൊരു ഈഗോയുമില്ലെന്ന് കഴിഞ്ഞ ദിവസം നടന്ന സംഭവം വ്യക്തമാക്കുന്നു. ചിലിക്കെതിരെ ലൗടാരോ വിജയഗോൾ നേടിയപ്പോൾ ബെഞ്ചിലിരുന്ന് ആദ്യം ആഘോഷിച്ചത് അൽവാരസ് ആയിരുന്നു.
ഖത്തർ ലോകകപ്പ് വരെ അർജന്റീന ടീമിന്റെ പ്രധാന സ്‌ട്രൈക്കർ ലൗടാരോ മാർട്ടിനസ് ആയിരുന്നു. എന്നാൽ ലോകകപ്പിൽ ലൗടാരോ നിറം മങ്ങിയപ്പോൾ ആ സ്ഥാനത്തേക്കു വന്ന അൽവാരസ് ടൂർണമെന്റിൽ ഗംഭീര പ്രകടനം നടത്തി. ലൗടാരോയെ അപേക്ഷിച്ച് വർക്ക് റേറ്റ് കൂടുതലുള്ള അൽവാരസിനെ അതിനു ശേഷം സ്‌കലോണി കൂടുതൽ പരിഗണിക്കാനും തുടങ്ങി.
എന്നാൽ ഈ താരങ്ങൾ തമ്മിൽ യാതൊരു ഈഗോയും അതുകൊണ്ടില്ല. കോപ്പ അമേരിക്കയിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും അൽവാരസ് ആദ്യ ഇലവനിൽ ഇറങ്ങിയപ്പോൾ രണ്ടു മത്സരങ്ങളിലും ഗോൾ കണ്ടെത്തിയത് പകരക്കാരനായി ലൗടാരോയാണ്. ടീമിന് വേണ്ടി എല്ലാ താരങ്ങളും ഒറ്റക്കെട്ടായി നിൽക്കുന്നു എന്നതു തന്നെയാണ് അർജന്റീനയുടെ കരുത്തിനു പിന്നിലെ കാരണവും.