യുവന്റസിന്റെ പതിനഞ്ചു പോയിന്റ് വെട്ടിക്കുറച്ചു മൂന്നാം സ്ഥാനത്തു നിന്ന ടീമിപ്പോൾ പത്താം സ്ഥാനത്ത്

സീരി എ ക്ലബായ യുവന്റസിന്റെ പതിനഞ്ചു പോയിന്റുകൾ വെട്ടിക്കുറച്ചതായി ഇറ്റലി ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. ഇതോടെ മുപ്പത്തിയേഴു പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്തു നിന്നിരുന്ന ടീമിപ്പോൾ 22 പോയിന്റുമായി പത്താം സ്ഥാനത്താണ്. പോയിന്റ് വെട്ടിക്കുറച്ച ശിക്ഷാനടപടി ലഭിച്ചതോടെ ഈ സീസണിൽ ഇനി ടോപ് ഫോറിലെത്താൻ കഴിയുമെന്ന പ്രതീക്ഷ യുവന്റസിനില്ലാതായി.

ട്രാൻസ്‌ഫർ നടപടിക്രമങ്ങളിൽ വരുത്തിയ തിരുത്തലുകളാണ് യുവന്റസിനെതിരെ നടപടി വരാൻ കാരണമായത്. ഇതിന്റെ ഭാഗമായി കളിക്കാരുടെ വേതനത്തിൽ നിന്നും 90 മില്യൺ യൂറോ ക്ലബ് ലാഭിച്ചിരുന്നു. ഇതെല്ലാം സീരി എയുടെ ഫിനാൻഷ്യൽ പ്രോസിക്യൂട്ടർ കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെയും പല സാമ്പത്തിക ഇടപാടുകളും യുവന്റസ് തെറ്റായ രീതിയിലാണ് ചെയ്‌തിരിക്കുന്നത്‌.

ഇതിനു പുറമെ യുവന്റസിന്റെ മുൻ പ്രസിഡന്റായ ആന്ദ്രേ ആഗ്നല്ലി മറ്റൊരു ക്ലബിന്റെ ചുമതല വഹിക്കുന്നതിൽ നിന്നും 24 മാസത്തേക്ക് വിലക്കുകയും ചെയ്‌തിട്ടുണ്ട്‌. ആന്ദ്രേ ആഗ്നല്ലി, വൈസ് പ്രെസിഡന്റ് പാവൽ നെദ്വേദ് തുടങ്ങിയ ബോർഡ് കഴിഞ്ഞനവംബറിൽ തന്നെ രാജി വെച്ചിരുന്നു. യുവന്റസിന്റെ മുൻ സ്പോർട്ടിങ് ഡയറക്ടറും നിലവിൽ ടോട്ടനത്തിന്റെ ഡയറക്ടറുമായ ഫാബിയോ പരാറ്റിസിക്ക് മുപ്പതു മാസം വിലക്കും നൽകിയിട്ടുണ്ട്.

കഴിഞ്ഞ ഏതാനും സീസണുകളിൽ തിരിച്ചടികൾ നേരിട്ട യുവന്റസ് തിരിച്ചു വരവിന്റെ പാതയിൽ നിൽക്കുമ്പോഴാണ് അവർക്ക് ഇതുപോലെയൊരു ശിക്ഷ ലഭിക്കുന്നത്. നിലവിൽ ടോപ് ഫോറിനായി ഏറ്റവും വലിയ പോരാട്ടം നടക്കുന്ന ലീഗാണ് സീരി എ. അതുകൊണ്ടു തന്നെ ഇനി ആദ്യ നാല് സ്ഥാനങ്ങളിലേക്ക് തിരിച്ചു വരാൻ അവർക്ക് കഴിയാൻ യാതൊരു സാധ്യതയുമില്ല.