ഹാട്രിക്ക് ഹീറോയായി പൗളോ ഡിബാല, രണ്ടാമത്തെ ലോങ്ങ് റേഞ്ചർ ഗോൾ അവിശ്വസനീയം | Paulo Dybala

ഹോസെ മൗറീന്യോയെ പുറത്താക്കി ഡാനിയേൽ ഡി റോസി പരിശീലകനായതിനു ശേഷം മികച്ച പ്രകടനം നടത്തുന്ന എഎസ് റോമക്ക് ഇന്നലെ നടന്ന മത്സരത്തിൽ ടോറിനോക്കെതിരെയും വിജയം. ഡി റോസി പരിശീലകനായതിനു ശേഷം ലീഗിൽ ഒന്നാം സ്ഥാനക്കാരായ ഇന്റർ മിലാനെതിരെ മാത്രം തോൽവി വഴങ്ങിയ റോമ കളിച്ച ഒൻപത് മത്സരങ്ങളിൽ ഏഴെണ്ണത്തിലും വിജയം സ്വന്തമാക്കിയിട്ടുണ്ട്.

ടോറിനോക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ അർജന്റീന താരമായ പൗളോ ഡിബാലയായിരുന്നു ഹീറോ. യുവന്റസിൽ നിന്നും റോമയിൽ എത്തിയതിനു ശേഷം ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായി മാറിയ ഡിബാല ടോറിനോക്കെതിരെ ഹാട്രിക്ക് നേട്ടമാണ് സ്വന്തമാക്കിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് റോമ വിജയം നേടിയപ്പോൾ മൂന്നു ഗോളുകളും നേടിയത് ഡിബാലയാണ്.

മത്സരത്തിന്റെ നാൽപത്തിരണ്ടാം മിനുട്ടിലാണ് അർജന്റീന താരത്തിന്റെ ആദ്യത്തെ ഗോൾ പിറക്കുന്നത്. റോമക്ക് ലഭിച്ച പെനാൽറ്റി താരം വലയിലെത്തിക്കുകയായിരുന്നു. എന്നാൽ രണ്ടു മിനിറ്റിനകം തന്നെ ദുവാൻ സപ്പട്ടയിലൂടെ ടോറിനോ തിരിച്ചടിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ദിബാല കളിയുടെ മൊത്തം നിയന്ത്രണവും ഏറ്റെടുക്കുന്നതാണ് കണ്ടത്.

അൻപത്തിയേഴാം മിനുട്ടിൽ ബോക്‌സിന് പുറത്തു നിന്നും ഒരു ലോങ്ങ് റേഞ്ചർ ഷോട്ടിലൂടെ ഡിബാല നേടിയ ഗോൾ അവിശ്വസനീയമായ ഒന്നായിരുന്നു. തന്റെ പ്രതിഭ എത്രത്തോളമുണ്ടെന്ന് തെളിയിക്കാൻ ആ ഗോളിലൂടെ താരത്തിന് കഴിഞ്ഞു. അതിനു ശേഷം ലുക്കാക്കുവുമായി നടത്തിയ ഒരു വൺ ടു നീക്കത്തിനൊടുവിൽ വിജയമുറപ്പിച്ച ഗോളും താരം നേടി.

റോമയുടെ പരിശീലനസെഷനിലെ തന്ത്രങ്ങൾ ചോർത്താൻ ടോറിനോ പരിശീലകൻ അസിസ്റ്റന്റിനെ നിയമിച്ചുവെന്നും അയാൾ പിടിക്കപ്പെട്ടുവെന്നും മത്സരത്തിന് മുൻപ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ തന്ത്രങ്ങൾ ചോർത്തിയിട്ടും കാര്യമുണ്ടായില്ല. പൗളോ ഡിബാലയുടെ ഒറ്റയാൻ മികവിൽ റോമ വിജയം സ്വന്തമാക്കി പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

Paulo Dybala Hattrick Against Torino